KeralaNews

കുതിരാനില്‍ ഒന്നാംതുരങ്കം അടച്ചു, തുറക്കാൻ നാല് മാസമെടുത്തേക്കും; നിയന്ത്രണം ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ്ങിന്

തൃശൂര്‍: കുതിരാന്‍ ഒന്നാംതുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒന്നാം തുരങ്കം അടച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും ഗതാഗതനിയന്ത്രണം ആരംഭിച്ചു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് അടച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ മാത്രമാകും ഇനി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നു പോകുന്നത്. 

തുരങ്കത്തിന്റെ പടിഞ്ഞാറ് വശത്ത് വില്ലന്‍ വളവിലുള്ള യു ടേണ്‍ വഴിയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രണ്ടാംതുരങ്കത്തിലേക്ക് പ്രവേശിക്കുക. കിഴക്ക് വശത്തെത്തുന്ന വാഹനങ്ങള്‍ തുരങ്കം കഴിയുന്നതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കും. 490 മീറ്റര്‍ ദൂരമുള്ള ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 

അതുവരെ ഇവിടെയുള്ള ഗതാഗത നിയന്ത്രണം തുടരും. ഒന്നാം തുരങ്കത്തിന്റെ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കാതെ ആയിരുന്നു തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നത്. തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയും നിലനിന്നിരുന്നു.  ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും പൂര്‍ത്തിയാക്കാതെയാണ് ടോള്‍പിരിവ് ആരംഭിച്ചത്. ഇത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തുരങ്കത്തില്‍ കരാര്‍ കമ്പനി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്തുന്നത്.

അതേസമയം, കുതിരാൻ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് ദേശീയ പാത അധികൃതര്‍ സമ്മതിച്ചിരുന്നു. കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് എന്‍എച്ച് പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

നാട്ടുകാരുടെ ആവശ്യപ്രകാരം ഒഴിച്ചിട്ട സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ഇപ്പോഴത്തെ ആലോചന. കല്‍ക്കെട്ടിളകിയ  വഴുക്കുംപാറ മേല്‍പ്പാലത്തില്‍ പരിശോധനയ്ക്കെത്തിയ പ്രൊജക്ട് മാനെജരാണ് നിര്‍മാണത്തിലെ വീഴ്ചകള്‍ സമ്മതിച്ചത്.

മഴയില്‍ പുറത്തേക്ക് തള്ളിയ കല്‍ക്കെട്ട് ഇളക്കി പരിശോധിക്കാന്‍ കരാര്‍ കന്പനിയായ കെഎംസിക്ക് നിര്‍ദ്ദേശം നല്‍കി. കല്‍ക്കെട്ട് മതിയായ ചരിവോടു കൂടിയല്ല നിര്‍മ്മിച്ചതെന്നും കണ്ടെത്തി. കല്‍ക്കെട്ടിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡ് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് നിലനിര്‍ത്തിയത്. സര്‍വ്വീസ് റോഡ് മണ്ണിട്ട് നികത്തി ചരിവ് കൂട്ടേണ്ടി വരുമെന്നും പ്രൊജക്ട് മാനെജര്‍ പറഞ്ഞു. സര്‍വ്വീസ് റോഡ് അടയ്ക്കുന്നതിനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker