മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക സംഘത്തെ പിൻവലിച്ചു; പകരം സാങ്കേതിക വിദഗ്ധർ
മാലെ: മാലദ്വീപിലെ ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ഇന്ത്യന്‍ സൈനികരെ മാലെയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. എഎല്‍എച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സംഘത്തെയാണ് മാറ്റിയത്.
മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിച്ച് പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് അടുത്തിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയും മാലദ്വീപും തമ്മിൽ മൂന്ന് ഉന്നതതല യോഗങ്ങളാണ് ഇതുവരെ നടന്നത്. വ്യോമസേനയുടെ അടിയന്തര സഹായങ്ങൾ മാലദ്വീപിന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രായോഗിക പരിഹാരങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്തു.
മാലദ്വീപിന്റെ സമുദ്രാതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികരെ മാലിദ്വീപിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പുസമയത്തെ മുയ്സുവിന്റെ വാഗ്ദാനം. അധികാരത്തിലേറി രണ്ടാമത്തെ ദിവസം തന്നെ ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന് മുയ്സു ആവശ്യപ്പെട്ടു.
ചൈനയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് മുയ്സുവിന്റെ ഇന്ത്യക്കെതിരായ നീക്കം. കഴിഞ്ഞ ആഴ്ച ചൈനയുമായി മാലദ്വീപ് സൈനിക സഹായ കരാറിൽ ഏർപ്പെട്ടിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യമെന്നും ചൈന സൈനിക പരിശീലനം നൽകുമെന്നും മാലദ്വീപ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.