തിരുവനന്തപുരം: ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.
അതേസമയം ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും. ഉണ്ണികൃഷ്ണനെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് സംവിധായകന്‍ വിനയകന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിഷേധം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കും. നവംബര്‍ പകുതിക്ക് ശേഷമാകും കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുക. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാകും നടത്തിപ്പ് ചുമതല. വിദേശ ഡെലിഗേറ്റുകള്‍ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന.
മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനില്‍ ഉള്ളത്. ഡബ്ള്യു.സി.സി. പങ്കെടുക്കില്ലെന്നാണ് വിവരം. സഹകരിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.