കോട്ടയം: ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ആസ്ഥാനമായ അനുഗ്രഹ എന്ന സൊസൈറ്റിയുടെ ഏറ്റുമാനൂര്‍ തെള്ളകം യൂണിറ്റ് ചെയര്‍മാന്‍ റോയ് ജോസഫ് (39) ആണ് പോലീസ് പിടിയിലായത്.
സൊസൈറ്റിയുടെ പേരില്‍ സ്വകാര്യ പെട്രോള്‍ പമ്പില്‍നിന്നു മുന്‍കൂറായി പെട്രോള്‍, ഡീസല്‍ എന്നിവ വാഹനങ്ങളില്‍ അടിച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പമ്പില്‍ എത്തിയ റോയ് ഉടമയെ കണ്ട് ചാരിറ്റി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറഞ്ഞ് വിശ്വസിപ്പിച്ചു. മുന്‍കൂറായി ചെക്കും ലെറ്റര്‍ പാഡും നല്‍കി 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വിവിധ വാഹനങ്ങളില്‍ നിറച്ച ശേഷം ഇയാള്‍ സ്ഥലംവിട്ടു.
പിന്നീട് പലതവണ ഉടമ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും റോയി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂര്‍ പൊലീസ് റോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.