കാസര്‍കോട് പനി ബാധിച്ച് പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു; അമ്മ ആശുപത്രിയില്‍
കാസര്‍കോട്: കാസര്‍കോട് പനി ബാധിച്ച് പിഞ്ചുകുട്ടി ഉള്‍പ്പെടെ സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), സിദ്റത്തുല്‍ മുന്‍തഹ (6 മാസം) എന്നിവരാണ് മരിച്ചത്.
കടുത്ത പനിബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായില്‍ കഴയുന്നതിനിടെയാണ് ഇരുവരും മരണപ്പെട്ടത്. സിദ്റത്തുല്‍ മുന്‍തഹ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ഇന്നലെ രാവിലെയുമാണ് മരണപ്പെട്ടത്. ഉമ്മ അസറുന്നിസയെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ദമ്പതികളും രണ്ടു മക്കളും അസറുന്നിസയുടെ മുഗുറോഡിലുള്ള വീട്ടില്‍ പോയിരുന്നു.
തിരിച്ചു വരുമ്പോഴാണ് പനി ബാധിച്ചത്. രണ്ട് കുട്ടികളെ പനി ബാധിച്ച നിലയില്‍ ആദ്യം ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പരിഭ്രാന്തിവേണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
ആവശ്യമെങ്കില്‍ മാതാവിന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലോ കോഴിക്കോട് മെഡിക്കല്‍ കോളേജിലോ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.