EntertainmentKeralaNews

ആശുപത്രിയിലേക്ക് പോകും മുമ്പ് വിളിച്ചു, നെടുമുടി വേണുവിൻ്റെ അവസാന ഫോൺ കോൾ ഓർത്ത് ഫാസിൽ

ആലപ്പുഴ:സിനിമയിലൊക്കെ എത്തുന്നതിനു മുന്‍പ് ആലപ്പുഴ എസ്‍ഡി കോളെജില്‍ നിന്ന് ആരംഭിക്കുന്നതാണ് നെടുമുടി വേണുവും ഫാസിലും തമ്മിലുള്ള ചങ്ങാത്തം.

കോളെജിനകത്തും പുറത്തുമുള്ള വേദികളില്‍ ഒരുമിച്ച്‌ മിമിക്രി അവതരിപ്പിച്ചാണ് അവര്‍ തുടങ്ങിയത്. പ്രിയസുഹൃത്തിന്‍റെ വിയോഗവേളയില്‍ ഓര്‍മ്മ പങ്കുവെക്കുകയാണ് ഫാസില്‍.

“വേണുവിന്‍റെ സിനിമാജീവിതത്തില്‍ ഒരു നാഷണല്‍ അവാര്‍ഡ് (മികച്ച നടന്‍) കിട്ടിയില്ല എന്ന ഖേദമേ ഉള്ളൂ. ഭരതന്‍ സംവിധാനം ചെയ്‍ത ‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ട’ത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അത് കിട്ടിയില്ല എന്ന ഒരു ചെറിയ ഖേദം ഒഴിച്ചാല്‍ മലയാളത്തില്‍ എല്ലാം നേടിയതാണ് നെടുമുടി വേണു. വേണുവിന്‍റെ ജീവിതം ഒരു മാതൃകയാണ് എല്ലാവര്‍ക്കും. എനിക്ക് നഷ്‍ടപ്പെട്ടത് വ്യക്തിപരമായി ഒരു വലിയ സുഹൃത്തിനെയാണ്, ഒരു കുടുംബ സുഹൃത്തിനെയാണ്. മരണത്തിലേക്ക് നയിച്ച ഈ ഹോസ്‍പിറ്റല്‍ ജീവിതത്തിന് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വേണു എന്നെ വിളിച്ചു. രാവിലെ എട്ട് മണിക്ക് എന്താണ് വിളിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു, ഞാനത് ചോദിച്ചു. ഞാന്‍ ചുമ്മാ വിളിച്ചെന്നേയുള്ളൂ, സംസാരിച്ചിട്ട് കുറച്ചുനാള്‍ ആയില്ലേ എന്ന് പറഞ്ഞു. ഞാന്‍ പിന്നെ വിളിച്ചോളാം ഫാസിലേ, വേറെ വിശേഷമൊന്നും ഇല്ലല്ലോ വെക്കട്ടെ.. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ സംസാരം”, പറഞ്ഞു.

ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്‍റെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം ‘പൂരം’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും (മികച്ച സഹനടന്‍, പ്രത്യേക പരാമര്‍ശം) ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker