NationalNews

തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തം; 13 പേർ മരിച്ചു, 9 പേർ പിടിയിൽ, 4 പോലീസുകാരെ സസ്പെൻഡ് ചെയ്തു

ചെന്നൈ:തമിഴ്‌നാട്ടിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്. അവശനിലയിലായ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് തെളിവുകൾ കണ്ടെത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. 

“നിലവിൽ, 24 ഓളം ആളുകൾ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം,” ഇരകൾ എറ്റനോൾ-മെഥനോൾ പദാർത്ഥം കലർന്ന വ്യാജ മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (നോർത്ത്) എൻ കണ്ണൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ പറഞ്ഞു. 

“നേരത്തെ, ചെങ്കൽപട്ട് ജില്ലയിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ നാല് പേർ ചികിത്സയ്ക്കിടെ മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി. ചെങ്കൽപ്പാട്ട് സംഭവവുമായി ബന്ധപ്പെട്ട് പ്രതി അമ്മാവസായിയെ അറസ്റ്റ് ചെയ്തു. രണ്ട് സംഭവങ്ങളിലും ഏതാനും പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് കേസുകളിലും വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ച മദ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. ജോലി വീഴ്ചയുടെ പേരിൽ രണ്ട് ജില്ലകളിൽ നിന്നും മൂന്ന് ഇൻസ്‌പെക്ടർമാരെയും നാല് സബ് ഇൻസ്‌പെക്ടർമാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .

 

മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു. മരക്കാനം ഇൻസ്പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker