അഹ്മദാബാദ്: ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ മൂന്ന് കാറുകളിൽ എത്തി ജ്വല്ലറിയിലേക്ക് ഇരച്ചു കയറി. ഐഡി കാർഡ് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തുന്നു. പിന്നാലെ എല്ലാവരുടെയും ഫോണുകളും ഡി.വി.ആറുമൊക്കെ പിടിച്ചുവാങ്ങി റെയ്ഡ് തുടങ്ങി. വന്നവർ തന്നെ നടപടികളെല്ലാം വീഡിയോയിൽ പകർത്തുന്നുമുണ്ടായിരുന്നു. കടയിലെ പരിശോധനയ്ക്ക് ശേഷം ജ്വല്ലറി ഉടമയുടെ വീട്ടിലുമെത്തി റെയ്ഡ്. രണ്ട് സ്ഥലങ്ങളിൽ നിന്നുമായി 25.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് എല്ലാവരും മടങ്ങി.
പിന്നീട് ഒരു സംശയം തോന്നി ജ്വല്ലറി ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് റെയ്ഡിന് വന്നവർ ആരും യഥാർത്ഥ ഇ.ഡി ഉദ്യോഗസ്ഥരല്ലെന്നും നടന്നത് വൻ തട്ടിപ്പാണെന്നും എല്ലാവരും കള്ളന്മാരാണെന്നും മനസിലായത്. പിന്നാലെ പല സംഘങ്ങൾ രൂപീകരിച്ച് പൊലീസുകാർ അന്വേഷണം തുടങ്ങി. സൂചനകൾ പ്രകാരം മുന്നോട്ട് നീങ്ങിയ പൊലീസ് സംഘത്തിന്, ഇഡി ഉദ്യോഗസ്ഥരായി വേഷമിട്ട 13 പേരിൽ 12 പേരെയും പിടിക്കാൻ കഴിഞ്ഞു. സ്വർണത്തിന്റെ വലിയൊരു ഭാഗവും കണ്ടെടുത്തു.
ഗുജറാത്തിലെ കച്ചിലുള്ള ഗാന്ധിധാം ടൗണിലാണ് വ്യാഴാഴ്ച വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയത്. കനൈയ ധാക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള രാധിക ജ്വല്ലേഴ്സിലാണ് വ്യാജ ഇ.ഡി റെയ്ഡ് നടന്നത്. നേരത്തെ അഞ്ച് വർഷം മുമ്പ് അതേ സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും കണക്കിൽപെടാത്ത പണവും സ്വർണവും വെള്ളിയുമെല്ലാം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അറിയാവുന്ന ഭരത് മൊർവാദിയ എന്നയാളാണ് ഇപ്പോഴത്തെ വ്യാജ റെയ്ഡിന്റെ സൂത്രധാരൻ.
തന്റെ അനുമാനം അനുസരിച്ച് ജ്വല്ലറി ഉടമയ്ക്ക് 100 കോടി രൂപയുടെയെങ്കിലും സ്വത്തുണ്ടാവുമെന്ന് ഭരത് തന്റെ സുഹൃത്തായ ദേവായത് കച്ചർ എന്ന യുവാവിനോട് പറഞ്ഞു. ഇരുവരും ചേർന്ന് തങ്ങളുടെ മറ്റ് ചില സുഹൃത്തുക്കളെക്കൂടി സംഘടിപ്പിച്ചു. ഇതിലൊരാളുടെ ഭാര്യയെയും സംഘത്തിൽ ചേർത്തു. രണ്ടാഴ്ച മുമ്പ് ഒരിടത്ത് ഒത്തുകൂടി അന്തിമ പദ്ധതിയുണ്ടാക്കി. റെയ്ഡിന് നേതൃത്വം കൊടുക്കാൻ ഒരാളെ നിശ്ചയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡുകളും വാഹനങ്ങളിൽ പതിക്കാൻ സർക്കാർ സ്റ്റിക്കറുകളുമൊക്കെ തയ്യാറാക്കുകയും ചെയ്തു.
സംഭവ ദിവസം രാവിലെ എല്ലാവരും സ്യൂട്ട് ധരിച്ച് മൂന്ന് കാറുകളിൽ ജ്വല്ലറിയിലും ശേഷം ഉടമയുടെ വീട്ടിലുമെത്തിയാണ് വ്യാജ റെയ്ഡ് നടത്തിയത്. രാവിലെ 11 മണിയോടെ ജ്വല്ലറിയിൽ കയറിയവർ ഫോണുകൾ പിടിച്ചുവാങ്ങി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയാണ് വനിതാ ജീവനക്കാരെ പരിശോധിച്ചത്. ജ്വല്ലറി ഉടമയോട് ആദ്യം അയാളുടെ ഒരു ബന്ധുവിന്റെ വീട് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് 40,000 രൂപ പിടിച്ചെടുത്തു.
പിന്നീട് ഉടമയുടെ വീട്ടിലെത്തി. അവിടെയും സംഘത്തിലുണ്ടായിരുന്ന വനിത, ഭാര്യയുടെയും അമ്മയുടെയും ഫോണുകൾ വാങ്ങി വെച്ചു. തുടർന്നാണ് 300 ഗ്രാമിന്റെ സ്വർണ ബിസ്കറ്റുകളും, നാല് ബാഗുകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പൂജാ മുറിയിലും ഭാര്യയുടെ മുറിയിലുമുണ്ടായിരുന്ന സ്വർണവും എടുത്തത്. പിടിച്ചെടുത്ത സാധനങ്ങളെല്ലാം വീട്ടിലെ ഡൈനിങ് ടേബിളിൽ നിരത്തിയിട്ട് കണക്കെഴുതുന്നത് പോലെ ഭാവിക്കുകയും എല്ലാം വീഡിയോയിൽ പകർത്തുകയും ചെയ്തു.
എന്നാൽ എല്ലാം കഴിഞ്ഞ് കടയിൽ തിരിച്ചെത്തിയ ജ്വല്ലറി ഉടമ, തന്റെ മകനുമായി കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് ചില സംശയങ്ങൾ തോന്നിയതും പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞതും. തട്ടിപ്പാണെന്ന് മനസിലായതോടെ പത്ത് സംഘങ്ങൾ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഒരാളൊഴികെ എല്ലാവരെയും ഇതിനോടകം തന്നെ പൊലീസിന് പിടികൂടാനും സാധിച്ചു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.