കൊച്ചി: വിദ്യാർഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ ലിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35), വൈക്കം ഇടത്തി പറമ്പിൽ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നാഗമ്പടത്ത് ദ്രോണ എജ്യൂക്കേഷൻ കൺസൽട്ടൻസി നടത്തുന്ന ലിജോ ജോർജ് വിദ്യാർഥിയിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി യു.പി ബോർഡിന്റെ വ്യാജ പ്ലസ്ടു സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു. പിടിയിലായ അബ്ദുൾ സലാം മലപ്പുറം സ്വദേശിനിയായ വിദ്യാർഥിയിൽനിന്ന് നാൽപ്പതിനായിരം രൂപ വാങ്ങി മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ ബിബിഎ സർട്ടിഫിക്കറ്റാണ് ശരിയാക്കി നൽകിയത്. പെരിന്തൽമണ്ണയിൽ യു.കെ കാളിംഗ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. കൊച്ചിയിൽ ഫ്ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റാണ് നാൽപതിനായിരം രൂപക്ക് തരപ്പെടുത്തി നൽകിയത്.
ഇവരുടെ സ്ഥാപനങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും സർട്ടിഫിക്കറ്റുകളുടേയും ഉൾപ്പടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐ മാരായ അനിഷ് .കെ ദാസ്, സണ്ണി, ജയപ്രസാദ്, എ.എസ്. ഐ പ്രമോദ്, എസ്.സിപിഒ മാരായ നവീൻ ദാസ്, റോണി അഗസ്റ്റിൻ, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.