കൊച്ചി: കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് കൈമാറിയ മൂന്നാം പ്രതി പിടിയിൽ. ഒറിയോൺ എജ്യു വിങ്സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താനാകും. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നല്‍കിയിരുന്നത്.
കേസിൽ രണ്ടാം പ്രതി അബിൻ സി.രാജ് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിൽ തോമസിന് ഒറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്.
പാലാരിവട്ടം, കലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ സ്ഥാപനം നടത്തിയിരുന്ന സജു ശശിധരനെതിരെ കൊച്ചിയിൽ 15 കേസുകൾ നിലവിലുണ്ട്. മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 40 പേരിൽ നിന്നായി ഒരു ലക്ഷം വീതം തട്ടിയെടുത്തുവെന്ന കേസിൽ ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽനിന്ന് കംപ്യൂട്ടറുകളും ഹാർഡ് ഡിസ്ക് അടക്കമുള്ള ഡിജിറ്റൽ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് കോളജ് കവാടത്തിൽ വച്ച് കണ്ടുമുട്ടിയ എജന്റ് മുഖേനയാണ് ഓറിയോൺ ഏജൻസിയെ സമീപിച്ചതെന്നാണ് അബിൻ വെളിപ്പെടുത്തിയിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഓറിയോണിൽ തന്നെയാണോ എന്നു സ്ഥിരീകരിക്കാൻ ഡിജിറ്റൽ രേഖകൾ അടക്കം പരിശോധിക്കേണ്ടതുണ്ട്, കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്തു കോടതിയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു.