ഫൈസർ കോവിഡ് വാക്‌സിന് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ട്
/>
ലണ്ടൻ : അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസറും, ജർമ്മൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന് അടുത്തയാഴ്ച ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകുമെന്നാണ് സൂചന. ഫൈസർ വാക്‌സിൻ 95 ശതമാനവും ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടൺ വാക്‌സിന് അംഗീകാരം നൽകാൻ ഒരുങ്ങുന്നത്.
ഡിസംബർ രണ്ടാം വാരത്തോട് കൂടി വാക്‌സിൻ ആളുകൾക്ക് നൽകാനാണ് ബ്രിട്ടൺ ഉദ്ദേശിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻ എച്ച് എസ് ജീവനക്കാർക്കാകും ആദ്യം വാക്‌സിൻ നൽകുക. ഡിസംബർ ഏഴ് മുതൽ വാക്‌സിൻ നൽകാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാക്‌സിൻ ഫലപ്രദമാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ 40 മില്യൺ ഡോസുകൾക്ക് ബ്രിട്ടൺ ഓർഡർ നൽകിയിരുന്നു. ഡിസംബർ ഏഴിനോടകം തന്നെ ഇത്രയും ഡോസുകൾ രാജ്യത്ത് എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.