പത്തനംതിട്ട: തെലുങ്ക് സൂപ്പര്‍ സ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദര്‍ശനം നടത്തിയ സംഭവത്തില്‍ വിവാദമുണ്ടാക്കിയവര്‍ക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകന്‍ ചുക്കാപ്പള്ളി അവിനാശ് രംഗത്ത്. ഫോണിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍, ഇവരുടെ ചിത്രങ്ങള്‍ വ്യാപകമായി പങ്കുവെച്ചുകൊണ്ട് ‘ചിരഞ്ജീവിയോടൊപ്പം ചിത്രത്തിലുള്ളത് യുവതിയാണെന്നും ഇത്തവണ തടയാന്‍ കഴിഞ്ഞില്ലേ’ എന്നുമുള്ള വ്യാജമായ പ്രചാരണമാണ് ഒരുകൂട്ടര്‍ നടത്തുന്നത്.
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിക്കെതിരെ നടക്കുന്ന ഈ പ്രചാരണത്തില്‍ പ്രതികരണവുമായി മകന്‍ അവിനാശ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്‌സ് ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയത്.
‘എന്റെ അമ്മയെപ്പറ്റിയാണ് ഈ ആരോപണങ്ങള്‍ ഉയരുന്നത്. 1966ലാണ് അമ്മയുടെ ജനനം. 2017ല്‍ ശബരിമലക്ഷേത്രത്തിലേക്ക് കൊടിമരം സ്വര്‍ണം പൂശാന്‍ കരാര്‍ ഏറ്റെടുത്തത് ഞങ്ങളാണ്. എനിക്ക് 34 വയസ്സായി. സത്യം പ്രചരിപ്പിക്കൂ’, അവിനാശ് വ്യക്തമാക്കുന്നു. അവിനാശിന്റെ വാക്കുകള്‍ വലിയ രീതിയിലാണ് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം ചിരഞ്ജീവിയും സുരേഷ് ചുക്കാപ്പള്ളിയും കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ എത്തി ശബരിമല ദര്‍ശനം കഴിഞ്ഞതിന് ശേഷമാണ് ചിരഞ്ജീവി ഗുരുവായൂരില്‍ എത്തിയത്. മുന്‍പ് 2012ല്‍ ടൂറിസം, സാംസ്‌കാരികവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ആയിരുന്നപ്പോഴും ചിരഞ്ജീവി ക്ഷേത്രത്തില്‍ എത്തിയിരുന്നു.