ഫേയ്‌സ്ബുക്ക് ലോഗ് ഔട്ടായി,ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതം;മെറ്റ പ്ലാറ്റ്‌ഫോമുകൾ നിശ്ചലം
ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.
ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് എത്രതവണ ശ്രമിച്ചാലും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതാവുകയുമാണ് ഫേസ്ബുക്കിന് സംഭവിച്ച പ്രശ്നം. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണാനാകുന്നില്ല.
സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഡൗണ്‍, ഫേസ്ബുക്ക് ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിങ് ആയിട്ടുണ്ട്.
അതേസമയം, എന്തുകൊണ്ടാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായത് എന്നത് സംബന്ധിച്ച് മെറ്റയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗികമായ പ്രതികരണമൊന്നും വന്നിട്ടില്ല.