സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശം: തിരുവനന്തപുരത്ത് ഒൻപത് പേർക്ക് മിന്നലേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയിലും കാറ്റിലും നാശനഷ്ടം. തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പ് ജോലിക്കിടെ ഒൻപത് പേർക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരംവീണു. കോഴിക്കോട് കൊടുവള്ളിയിൽ തെങ്ങുവീണ് ഒരാൾക്ക് പരിക്കേറ്റു. തൃശൂർ ഒല്ലൂരിൽ മരംവീണ് ഏറനേരം ഗതാഗതം തടസപ്പെട്ടു.
മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് മലപ്പുറത്ത് കനത്ത മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ മരങ്ങൾ വീണതിനെ തുടർന്ന് പാർക്ക് താത്ക്കാലികമായി അടച്ചു
കോഴിക്കോട് മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊടുവളളി കിഴക്കോത്ത് വീടിനുമുകളിൽ തെങ്ങ് കടപുഴങ്ങി വീണ് ഒരാൾക്ക് പരിക്കേറ്റു.പന്നൂർ കണ്ടംപാറക്കൽ ഷമീറയ്ക്കാണ് പരിക്കേറ്റത്. വീടിൻറെ മേൽക്കൂര ഏതാണ്ട് പൂർണമായി തകർന്നു. ചക്കിട്ടപാറ,കൂരാച്ചുണ്ട് , വിലങ്ങാട് മേഖലകളിൽ വ്യാപകമായി മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി. നഗരമേഖലയിൽ ശക്തമായ മഴ ഇതുവരെയില്ല
തൃശൂർ നഗരത്തിലും ചാലക്കുടിയിലും മഴ കനത്തു. ഒല്ലൂരിൽ നിർത്തിയിട്ട രണ്ട് കാറുകൾക്ക് മുകളിൽ മരംവീണു.ആളപായം ഇല്ല. ആലപ്പുഴയിൽ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലകളിലും മഴ ശക്തമായിരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ല. ഇടുക്കിയിൽ വണ്ടിപ്പെരിയാറിലും നെടുങ്കണ്ടത്തുമാണ് മഴ ശക്തമായത്.
പത്തനംതിട്ടയിൽ ഉച്ചയ്ക്ക് ശേഷം വിവിധ കനത്ത മഴയാണ്. മലയോര മേഖലയിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞ് വീണു. കാര്യമായ മറ്റ് നാശനഷ്ടങ്ങൾ നിലവിൽ ഇല്ല. ഇടവിട്ട് ഇടവിട്ട് മഴ ശക്തിയായി പെയ്യുകയാണ്. പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ ജോലി ചെയ്യുകയായിരുന്ന 9 പേർക്കാണ് മിന്നലേറ്റത്. ഇവർക്ക് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.
വൈകുന്നേരം കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പുതിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം, തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലർട്ട്.
കർണാടക മുതൽ മധ്യ പ്രദേശ് വരെ ന്യൂന മർദ്ദ പാത്തി ( trough ) നിലനിൽക്കുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിലും, ശ്രീലങ്കക്കും മുകളിലായി രണ്ടു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട് (Cyclonic circulation). ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.