തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ ഇനി വീട്ടിൽ ഇരിക്കേണ്ടി വരും. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർ ബ്രിജേഷിനെ പിരിച്ചുവിട്ടു.
കോട്ടയം കളത്തിപ്പടിയിൽ മാർച്ച് 29ന് തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ടാണ് ബ്രിജേഷിനെ പിരിച്ചു വിട്ടത്. കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം അനുസരിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് കണ്ടെത്തിയിരുന്നു.
അപകടങ്ങൾ കുറക്കുന്നതിനായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി കെഎസ്ആർടിസി ചെയർമാൻ അറിയിച്ചു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഒരു മാസത്തിനക്കം കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളിലും പരിശോധന നടത്തുമെന്നും വകുപ്പ് അറിയിച്ചു. ഫ്രണ്ട് ഗ്ലാസ് വിഷന്‍, റിയര്‍ വ്യൂ മിറര്‍, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാകുമെന്ന് ഉറപ്പാക്കുമെന്നും ചെയർമാൻ അറിയിച്ചു.
ഏറ്റവും പ്രധാനമായി വാഹനങ്ങളുടെ ഡോറിൻ്റെ പ്രവർത്തനം കാര്യമായി പരിശോധിക്കുമെന്നും ഡാഷ് ബോര്‍ഡ് ക്യാമറകള്‍ നിർബന്ധമാക്കുമെന്നും അറിയിച്ചു. ബസുകളുടെ റണ്ണിംഗ് ടൈം പരിശോധിച്ച് കൃത്യമായ നിർദേശം നൽകും. ബസ്സുകളുടെ വേഗതയെ പറ്റിയും കൃത്യമായ ക്രമീകരണം നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.