NationalNews

മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ ബിജെപി നേതാക്കളെ വളഞ്ഞ് കര്‍ഷകര്‍; മാപ്പപേക്ഷിച്ച് നേതാക്കള്‍

ഗുഡ്ഗാവ്:ഹരിയാനയിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് പ്രസംഗം കേൾക്കാനെത്തിയ ബിജെപി നേതാക്കളെ തടഞ്ഞ് കർഷകസമരക്കാർ. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ ക്ഷേത്രത്തിന് സമീപം പ്രതിഷേധിച്ചിരുന്ന കർഷകരാണ് ബിജെപി നേതാവായ മനീഷ് ഗ്രോവറെയും സംഘത്തേയും വളഞ്ഞത്. റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലായിരുന്നു സംഭവം.

കർഷകർക്കെതിരേ ബിജെപി നേതാവ് നടത്തിയ മോശം പ്രസ്താവനകൾ പിൻവലിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. എട്ട് മണിക്കൂറോളം ബിജെപി നേതാവിനേയും സംഘത്തേയും കർഷകർ വളഞ്ഞു. പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയുന്നതുവരെ പുറത്തേക്ക് വിടില്ലെന്ന് കർഷകർ നിലപാടെടുത്തതോടെ മനീഷ് ഗ്രോവർ ക്യാമറയ്ക്കു മുന്നിൽ കൈകൂപ്പ് മാപ്പ് പറഞ്ഞു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഏതാനും കർഷകസമരക്കാരെ കസ്റ്റഡിയിലെടുത്തു. രവീന്ദ്ര രാജു, മേയറായ മൻമോഹൻ ഗോയൽ, ബിജെപി ജില്ലാ തലവൻ അജയ് ബൻസാൽ, സതീഷ് നന്ദാൻ എന്നിവരായിരുന്നു മനീഷ് ഗ്രോവർക്കൊപ്പമുണ്ടായിരുന്നത്.

നേതാക്കൾ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതോടെ ക്ഷേത്രം വളയാൻ കർഷകരോട് കർഷക നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കർഷകരോട് മാപ്പപേക്ഷിച്ച കാര്യം മനീഷ് ഗ്രോവർ നിഷേധിച്ചു. പുറത്തുനിൽക്കുന്ന ജനങ്ങളെ കൈവീശി കാണിക്കണമെന്ന് ചില ഗ്രാമവാസികളെത്തി തന്നോട് ആവശ്യപ്പെട്ടത് പ്രകാരം അങ്ങനെയാണ് താൻ ചെയ്തത്. ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് മനീഷ് ഗ്രോവർ പ്രതികരിച്ചത്.

കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ മാസങ്ങളായി നടത്തുന്ന പ്രതിഷേധസമരകേന്ദ്രത്തിന് സമീപമായിരുന്നു മുൻ മന്ത്രി കൂടിയായ മനീഷ് ഗ്രോവറും സംഘവും സന്ദർശിച്ച ക്ഷേത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker