കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. പ്രതികള്‍ കത്തിച്ച കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്‍റെ പോളച്ചിറയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ കണ്ടെടുത്തത്.
കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പർ പ്ലേറ്റ് ആറ്റിൽ കളഞ്ഞെന്നുമാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. പ്രതികൾ ഉപയോഗിച്ച കാറിന്‍റെ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്താൻ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലുമെത്തിച്ച് ഇന്ന് തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടിയ തമിഴ്നാട്ടിലെ പുളിയറ, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുക്കും.
അതേസമയം, തട്ടിക്കൊണ്ടുപോകലിൽ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. തട്ടിക്കൊണ്ടു പോകലിന് ശേഷം പത്മകുമാറും കുടുംബവും ഫാം ഹൗസിൽ എത്തിയിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരിയുടെ മൊഴിയുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കും മുന്നേ പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഓയൂരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നു. കൃത്യമായ ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്. വിപുലമായ ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് തയ്യാറാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസിലെ ദുരൂഹത നീക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ ശ്രമം.