
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കി കേരളത്തിന്റെ ‘ജീവൻ രക്ഷിച്ച’ ഹെൽമറ്റ് ഇനി നിത്യസ്മാരകം. ‘സൽമാൻ നിസാർ ധരിച്ചിരുന്ന ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ടീമിനോട് നിർദേശിച്ചിട്ടുണ്ട്.
ചരിത്ര നേട്ടത്തിന്റെ സ്മാരകമായി അതു കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും. കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമ്പോൾ അതിന്റെ ഗാലറിയിലെ പവലിയനിൽ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്’– കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
ഗുജറാത്ത് ബാറ്റർ അർസാൻ നഗ്‌വാസ്‌വാലയുടെ ശക്തമായ ഷോട്ട് ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്ന് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിനു ദേഹാസ്വസ്ഥ്യം. ഛർദിച്ചതിനെത്തുടർന്ന് സൽമാനെ സ്ട്രെച്ചറിൽ കിടത്തി അംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
സിടി സ്കാൻ ഉൾപ്പെടെ എടുത്തെങ്കിലും കാര്യമായ പരുക്കേറ്റിട്ടില്ലെന്ന് വ്യക്തമായി. എങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ കൺകഷൻ ഇൻക്ലൂഷനായി ഷോൺ റോജറിനെ ഉൾപ്പെടുത്തി. എന്നാൽ മത്സരം പൂർത്തിയാകും മുൻപേ സൽമാൻ ഗ്രൗണ്ടിൽ തിരിച്ചെത്തി.