EntertainmentKeralaNews

വരവറിയിച്ച് എമ്പുരാൻ; ട്രെയ്ലർ റിലീസായി മണിക്കൂറുകൾക്കുള്ളിൽ മില്യൺ വ്യൂസ്

കൊച്ചി: സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്ലർ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലര്‍ പുറത്തുവന്നു. ട്രെയ്ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും.

മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. തമിഴ്‌നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019-ല്‍ എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാന്‍ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളില്‍ ഇതിനോടകം ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുകയും റെക്കോര്‍ഡ് പ്രീ സെയില്‍സ് നേടുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം: സുജിത് വാസുദേവ്, സംഗീതം: ദീപക് ദേവ്, എഡിറ്റര്‍: അഖിലേഷ് മോഹന്‍, കലാസംവിധാനം: മോഹന്‍ദാസ്, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, ക്രിയേറ്റിവ് ഡയറക്ടര്‍: നിര്‍മല്‍ സഹദേവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker