
കൊച്ചി: എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏതൊക്കെ ഭാഗങ്ങളാണ് വെട്ടിമാറ്റിയത് എന്ന് വിശദമാക്കുന്ന സെൻസർ ബോർഡ് രേഖ പുറത്തുവന്നു. പുതിയ പതിപ്പ് തിയേറ്ററുകളിൽ പ്രർശിപ്പിക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയാണ് സെൻസർ രേഖയിലെ വിവരങ്ങൾ പുറത്തുവന്നത്. ആകെ 24 കട്ടുകളാണ് ചിത്രത്തിന് വന്നത്.
രണ്ടുമിനിറ്റ് എട്ടുസെക്കൻഡാണ് എമ്പുരാനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നത് എന്നാണ് സെൻസർ രേഖ വ്യക്തമാക്കുന്നത്. സിനിമയുടെ തുടക്കത്തിലെ രംഗങ്ങൾക്കാണ് വെട്ടേൽക്കേണ്ടിവന്നിട്ടുള്ളത്. ഈ ഭാഗത്ത് മൊഹ്സിൻ എന്ന കഥാപാത്രത്തെ കൊലപ്പെടുത്തുന്ന രംഗമാണ് അത്തരത്തിൽ നീക്കം ചെയ്യപ്പെട്ടവയിൽ ഒന്ന്. ഇതേ ഭാഗത്തുതന്നെയുള്ള ജീപ്പോടുന്നതും ട്രാക്ടറോടുന്നതുമായ രംഗങ്ങളും നീക്കം ചെയ്യപ്പെട്ടു.
മസൂദും മകൻ സെയ്ദ് മസൂദും തമ്മിലുള്ള സംഭാഷണമാണ് ചിത്രത്തിൽനിന്ന് വെട്ടിയ മറ്റൊരു രംഗം. ഗർഭിണികളായ സ്ത്രീകളെ ഉപദ്രവിക്കുന്ന രംഗത്തിൽ നാലിടത്താണ് കട്ട് വീണിരിക്കുന്നത്. മൃതശരീരങ്ങൾ കാണിക്കുന്നതും ഒഴിവാക്കി. കാറിന്റെ ബോർഡ് കാണിക്കുന്ന രംഗം ഒഴിവാക്കിയപ്പോൾ എൻഐഎ എന്ന പരാമർശമുള്ളരംഗം മ്യൂട്ട് ആക്കുകയാണ് ചെയ്തിരിക്കുന്നത്. വില്ലനായെത്തിയ ബൽരാജ് എന്ന കഥാപാത്രത്തിന്റെ രംഗങ്ങളാണ് നീക്കംചെയ്തിരിക്കുന്നവയിൽ ഏറെയും. ബൽരാജും മുന്ന എന്ന കഥാപാത്രവും തമ്മിലുള്ള ഒരു സംഭാഷണരംഗത്തിന്റെ ദൈർഘ്യം കുറച്ചിട്ടുമുണ്ട്.
ബൽരാജ് എന്ന കഥാപാത്രത്തിന്റെ പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ന്യൂസ് പേപ്പറിൽ ബൽരാജിനെക്കുറിച്ചുള്ള വാർത്തയിൽ ഇദ്ദേഹത്തിന്റെ പേര് ബൽദേവ് എന്നാക്കിയിട്ടുണ്ട്. നന്ദു അവതരിപ്പിക്കുന്ന പീതാംബരൻ എന്ന കഥാപാത്രത്തിന്റെ ഒരു സംഭാഷണം രണ്ടുസെക്കന്റാണ് നീക്കം ചെയ്തിട്ടുള്ളത്.മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീനും ഒഴിവാക്കിയിട്ടുണ്ട്.
നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.