Elon Musk : ട്വിറ്റർ സ്വന്തമാക്കാൻ നീക്കവുമായി എലോൺ മസ്ക്

ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിലയിൽ 43 ബില്യൺ ഡോളർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് കമ്മീഷൻ ഫയലിംഗിലാണ് മസ്ക് തന്റെ നീക്കം വെളിപ്പെടുത്തിയത്. നിലവിലെ രീതിയിൽ ട്വിറ്റർ വളരുകയോ അതിന്റെ അഭിപ്രായ സ്വാതന്ത്ര്യ നയം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും മസ്ക് ട്വിറ്റർ ബോർഡിനയച്ച കത്തിൽ പറയുന്നു.
കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്കിന്റെ വിശദീകരണം. നിലവിലെ ഓഫർ സ്വീകാര്യമല്ലെങ്കിൽ മാനേജ്മെൻ്റിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും നിലവിൽ കയ്യിലുള്ള ഓഹരികൾ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന ഭീഷണിയും മസ്ക് നടത്തുന്നുണ്ട്.