InternationalNews

മസ്‌കിന്റെ ആസ്തികുത്തനെ ഇടിഞ്ഞു;വീണത്‌ മൂന്നാം സ്ഥാനത്തേക്ക്,ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇവര്‍

ന്യൂയോര്‍ക്ക്‌:ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ടെസ്ല ചീഫ് എക്സിക്യൂട്ടീവും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന് തിരിച്ചടി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആസ്തി ഈ വര്‍ഷം ഏകദേശം 40 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. നിലവില്‍ 189 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടിനും ആമസോണിന്റെ ജെഫ് ബെസോസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് മസ്‌ക് ഇപ്പോള്‍.

ബെര്‍ണാഡ് അര്‍നോള്‍ട്ടിന് 197 ബില്യണ്‍ ഡോളറിന്റെ ആസ്തിയും ജെഫ് ബെസോസിന് 196 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമാണ് ഉള്ളത്. ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതാണ് മസ്‌കിന്റെ സമ്പത്തില്‍ ഇടിവിന് കാരണം. ഈ വര്‍ഷം ഇതുവരെ 29 ശതമാനം ഇടിവുണ്ടായതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്ലയിലെ 21 ശതമാനം ഓഹരികളില്‍ നിന്നാണ് മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും.

പഴയ ട്വിറ്റര്‍ 2022 ല്‍ ഏറ്റെടുത്തതിന് ശേഷം മസ്‌കിന് വലിയ തലവേദനയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍. 2022 മുതല്‍ പരസ്യദാതാക്കളെ നിലനിര്‍ത്താന്‍ എക്‌സ് പാടുപെടുകയാണ്. സമീപകാലത്ത് 8.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റിട്ടും ബെസോസ് തന്റെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി തുടരുന്നു. നേരത്തെ, 2021 ജനുവരിയില്‍ ഇലോണ്‍ മസ്‌ക് 195 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരുന്നു.

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( ആര്‍ ഐ എല്‍ ), അദാനി ഗ്രൂപ്പ് സ്ഥാപകരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവര്‍ 115 ബില്യണ്‍ ഡോളറും 104 ബില്യണ്‍ ഡോളറുമായി ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സില്‍ യഥാക്രമം 11, 12 സ്ഥാനങ്ങളിലാണ്. അതിനിടെ യൂട്യൂബിന് വെല്ലുവിളിയായി എക്‌സ് ഉടന്‍ തന്നെ സ്മാര്‍ട്ട് ടിവി ആപ്പ് പുറത്തിറക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

എക്‌സ് ഒരു വീഡിയോ കേന്ദ്രീകൃത പ്ലാറ്റ്ഫോം ആക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ട്വിച്ച്, സിഗ്‌നല്‍, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള വിവിധ സേവനങ്ങളുമായി മത്സരിക്കാന്‍ മസ്‌ക് ലക്ഷ്യമിടുന്നു. വീഡിയോ ഉള്ളടക്ക മേഖലയില്‍ എക്സിനെ ഒരു മുന്‍നിര പ്ലാറ്റ്ഫോമായി സ്ഥാപിക്കാന്‍ ടക്കര്‍ കാള്‍സണ്‍, ഡോണ്‍ ലെമണ്‍ തുടങ്ങിയ വ്യക്തികളുമായി മസ്‌ക് സഹകരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker