‘രാത്രി ഒന്നരയ്ക്ക് റൂമിലേക്ക് കേറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്’; ബാലയ്ക്കെതിരെ ശബ്ദരേഖ പുറത്തുവിട്ട് എലിസബത്ത്

കൊച്ചി:നടൻ ബാലയ്ക്കെതിരെയുള്ള തെളിവ് പുറത്തുവിട്ട് മുൻപങ്കാളി എലിസബത്ത് ഉദയൻ. 50 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പാണ് എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ ബെഡ്റൂമിലേക്ക് കൊണ്ടു വന്നതിനെ എതിർത്തു സംസാരിക്കുന്ന എലിസബത്തിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ഓഡിയോ ക്ലിപ്പും മോതിരമാറ്റത്തിന്റെ വിഡിയോ ക്ലിപ്പും എലിസബത്ത് പുറത്തു വിട്ടത്. പരാതി നൽകിയതിനു ശേഷം ബാല ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും മറ്റൊരു വിഡിയോയിൽ എലിസബത്ത് പങ്കുവച്ചു.
എലിസബത്ത് പങ്കുവച്ച ഓഡിയോ ക്ലിപ്പിലെ ശബ്ദം ഇങ്ങനെയാണ്: ജേക്കബ് ചേട്ടാ… ഒന്നരയ്ക്ക് ഇവിടെ ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോൾ സമയം. (‘നീ പുറത്തു പോയ്ക്കോളൂ’ എന്ന് ബാല പറയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം) എനിക്കു പുറത്തു പോകാൻ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കി ഉള്ളവർക്കു കിടക്കണ്ടേ? (‘ഇതെന്റെ വീടല്ലേ’ എന്ന് ബാല പറയുന്നു) നിങ്ങൾ കല്യാണം കഴിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നതല്ല. (‘ശരി…. ശരി….’ ചിരിക്കുന്നു… ‘നാവുടെ അളവ് അളക്കണം’)
ഓഡിയോ ക്ലിപ്പിനൊപ്പമുള്ള സ്ക്രീൻ ഗ്രാബിൽ കാണുന്ന പോസ്റ്റിന്റെ കാരണവും എലിസബത്ത് വ്യക്തമാക്കി. എലിസബത്ത് മുൻപിട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻ ഗ്രാബ് ആണ് ഓഡിയോ ക്ലിപ്പിനു കൊടുത്തിരിക്കുന്നത്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. അർധരാത്രി മറ്റൊരാളെ ബെഡ് റൂമിലേക്ക് വിളിച്ചു കൊണ്ടുവന്നതിനെ എതിർത്തു സംസാരിച്ചതിനു ശേഷം ആ വീട്ടിൽ കഴിയാൻ ഭയം തോന്നിയപ്പോൾ ഇട്ട പോസ്റ്റാണ് അതെന്നാണ് എലിസബത്തിന്റെ വെളിപ്പെടുത്തൽ. കാര്യങ്ങൾ വ്യക്തമായി തുറന്നു പറയാനുള്ള ധൈര്യം അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും എലിസബത്ത് പറയുന്നു.
ഇതിനു പിന്നാലെ ബാലയുമായി മോതിരമാറ്റം നടത്തിയപ്പോൾ എടുത്ത വിഡിയോയും എലിസബത്ത് പുറത്തുവിട്ടു. മോതിരം അണിഞ്ഞ രണ്ടു കൈകൾ വിഡിയോയിൽ കാണാം. അതിനെക്കുറിച്ച് എലിസബത്ത് പറയുന്നത് ഇങ്ങനെ: “ഞങ്ങൾ കലൂരിൽ താമസിക്കുന്ന സമയത്ത് റിങ് എക്സ്ചേഞ്ച് നടത്തിയിട്ടുണ്ടായിരുന്നു. ഈ കാണുന്നത് എന്റെ വിരലുകളും ആക്ടറിന്റെ വിരലുകളുമാണ്. നിങ്ങൾക്ക് വേണമെങ്കിൽ പരിശോധിക്കാം. അങ്ങനെ ചെക്ക് ചെയ്താൽ കണ്ടുപിടിക്കാൻ പറ്റും. വേറെ തരത്തിൽ ഒന്നും എഡിറ്റ് ചെയ്ത് ഒന്നും ഇടാൻ പറ്റില്ല എന്ന് ഞാൻ വിചാരിക്കുന്നു. എന്റെ പേര് അദ്ദേഹത്തിന്റെ മോതിരത്തിലും ആളുടെ പേര് എന്റെ മോതിരത്തിലും കാണാം.
എന്നെ പറ്റിക്കാൻ വേണ്ടിയിട്ടായിരുന്നോ ഈ റിങ് എക്സ്ചേഞ്ച്? ഇത് കലൂരിലെ വീട്ടിൽ ആളുടെ പൂജാമുറിയുടെ മുൻപിൽ നടത്തിയ റിങ് എക്സ്ചേഞ്ചിന്റെ വിഡിയോ ആണ്. ഇത് അയാൾ പലർക്കും അയച്ചു കൊടുത്തിട്ടുണ്ട്. അപ്പോൾ ഇതൊക്കെ എന്നെ പറ്റിക്കാൻ ആണോ അതോ ശരിക്കും നടത്തിയതാണോ? എനിക്ക് അറിയില്ല എന്താ ഇതിൻറെ സ്റ്റാറ്റസ് എന്ന്. എന്തിനു വേണ്ടിയിട്ടായിരുന്നു ഈ ഒരു സംഭവം?
എല്ലാവരുടെയും കൺമുന്നിൽ വച്ച് ഭാര്യയാണെന്ന് പറഞ്ഞു. എല്ലാരുടേയും മുന്നിൽ വച്ച് മാല ഇടുക കുങ്കുമം തൊടുക ഈ പരിപാടിയൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ ഓക്കേ.”ശനിയാഴ്ചയാണ് ബാലയും ഭാര്യ കോകിലയും എലിസബത്ത് ഉദയനെതിരെ കൊച്ചി സ്റ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. തന്നെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നു എന്നു കാണിച്ചായിരുന്നു പരാതി.