KeralaNewsNews

കനത്ത മഴയില്‍ അതിരപ്പിള്ളി – പിള്ളപ്പാറയിൽ കാട്ടാന ഒഴുക്കില്‍പ്പെട്ടു

ചാലക്കുടി: കനത്ത മഴയില്‍ അതിരപ്പിള്ളി – പിള്ളപ്പാറയിൽ കാട്ടാന ഒഴുക്കിൽപെട്ടു കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം.ചൊവ്വാഴ്ച്ച രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത്.പുലർച്ചെ 6 മണിയോടെ നാട്ടുകാരാണ് ഒഴുക്കിൽ പ്പെട്ട ആനയെ കാണുന്നത്.

കനത്ത മഴയിൽ പുഴയില്‍ കനത്ത നിരൊഴുക്കാണ്.പുഴയുടെ മദ്ധ്യ ഭാഗത്ത് ഒരു തുരുത്തിലാണ് കാട്ടാന നിൽക്കുന്നത്.കനത്ത മഴയിൽ പെരിങ്ങൽ കുത്ത് സ്ലൂയിസ് വാൽവുകൾ തുന്നതിനാൽ പുഴയിലെ നീരൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്ക്കരമാണ്.ആന തനിയെ നീന്തി രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.പാറകളിലും മറ്റും തട്ടി ആനയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് കളക്ടറുടെ നിര്‍ദേശം.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അവധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button