കണ്ണൂര്‍: പ്രളയം ഏറ്റവും അധികം നാശം വിതച്ച വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി മേഖലകള്‍ എല്ലാം ഇരുട്ടിലായി. കക്കയം പവര്‍ ഹൗസിന്റെ മുകളില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രദേശത്ത് ജനവാസമില്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ജനറേറ്റര്‍, ട്രാന്‍സ്ഫോമര്‍ ഉള്‍പ്പെടെ എല്ലാ യന്ത്രസാമഗ്രികളും തകര്‍ന്ന നിലയിലാണ്. വൈദ്യുതി ബന്ധം പൂര്‍വ സ്ഥിതിയിലാക്കാന്‍ സമയം വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കര്‍ണാടകയില്‍ നിന്നും ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.