കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറാന്‍ സ്ഥാനാര്‍ത്ഥിക്ക് കോഴ നല്‍കിയെന്ന കേസില്‍ കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നാണ് കേസ്.
ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശാണ് പരാതിക്കാരന്‍. പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് ആട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിനു ഐപിസി 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പിന് പിന്നാലെ കെ സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.
എന്നാല്‍ സുരേന്ദ്രന്‍ നാളെ ഹാജരായേക്കില്ലെന്നാണ് വിവരം. ശനിയാഴ്ചക്കകം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സുരേന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് സൂചന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം ലഭിച്ചെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെയും, ബന്ധുക്കളുടെയും രഹസ്യ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.
സുരേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുനില്‍ നായ്ക്ക്, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ചുമതലുയുണ്ടായിരുന്ന ബാലകൃഷ്ണ ഷെട്ടിയുള്‍പ്പെടെയുള്ള ബി ജെ പി പ്രവര്‍ത്തകരുടെയും മൊഴിയെടുത്തിരുന്നു. ഏറ്റവും ഒടുവിലാണ് ക്രൈം ബ്രാഞ്ച് സുരേന്ദ്രന്‌ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.