KeralaNews

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇ.ഡിയുടെ ആദ്യ അറസ്റ്റ്‌; എ.സി.മൊയ്തീന് വീണ്ടും നോട്ടിസ് നൽകും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ആദ്യ അറസ്റ്റുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയുടെ ബെനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാർ, ഇടനിലക്കാരനായ പി.പി.കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിനു ശേഷമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി ആദ്യ അറസ്റ്റിലേക്കു കടന്നത്.

ഇരുവരെയും ചൊവ്വാഴ്ച കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. സതീഷ് കുമാറാണ് കേസിലെ പ്രധാന പ്രതി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ഇഡി വ്യക്തമാക്കി.

300 കോടി രൂപയുടെ ബെനാമി വായ്പാത്തട്ടിപ്പാണു ബാങ്കിൽ നടന്നതായി ആരോപിക്കപ്പെടുന്നത്. ഇതിൽ 25 കോടി രൂപയുടെ വായ്പ സംബന്ധിച്ച സാക്ഷിമൊഴികളാണ് അന്വേഷണം എ.സി.മൊയ്തീനിലെത്തിച്ചത്. ഇഡി കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും മൊയ്തീന് നോട്ടിസ് നൽകിയിരുന്നു. രണ്ടു തവണയും അസൗകര്യം അറിയിച്ച് വരാതിരുന്ന സാഹചര്യത്തിൽ മൊയ്തീനു വീണ്ടും നോട്ടിസ് അയയ്ക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നും ഇഡി വ്യക്തമാക്കി.

സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ സതീഷ് കുമാർ. ഇയാൾ ബെനാമിയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സതീഷ് കുമാർ ബാങ്കുമായി നേരിട്ട് ബന്ധമുള്ളയാളല്ല.

പക്ഷേ, ബാങ്കിൽനിന്ന് തട്ടിയെടുത്ത ലോണുകളിൽ പലതും കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. സതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് മറ്റു പലരും ബാങ്കിൽനിന്ന് കള്ളപ്പേരുകളിൽ ലോൺ എടുത്തിരുന്നതെന്നും ഇഡി കണ്ടെത്തി.

അറസ്റ്റിലായ പി.പി.കിരൺ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. ഇതു പ്രാഥമികമായ കണക്കു മാത്രമാണെന്നും ഇഡി പറയുന്നു. ഇരുവർക്കുമെതിരെ കൂടുതൽ അന്വേഷണം ന‍ടക്കുന്നുണ്ട്. അതു പൂർത്തിയായെങ്കിൽ മാത്രമേ തട്ടിപ്പിൽ ഇവരുടെ പങ്കിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ എന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker