ഇഡി റെയ്ഡ്; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍
കൊച്ചി: തന്റെ നിർമാണ കമ്പനിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ വിശദീകരണവുമായി നടൻ ഉണ്ണിമുകുന്ദൻ. മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുടെ പരിശോധനയ്ക്കാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
“ഞാനൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു. ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ വരുമാനത്തിന്റെ സ്രോതസ്സ് അറിയാനാണ് എത്തിയത്. ഞാൻ കണക്കുകൾ കൃത്യമായി നൽകിയിട്ടുണ്ട്”- ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണിമുകുന്ദൻ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികൾ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇ.ഡി. കൊച്ചി-കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.