ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.
വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.
സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതൽ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത് 28,000 കോടി രൂപയാണ്.
വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു.
എന്നാൽ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമർപ്പിച്ചെന്നും ബൈജൂസിന്‍റെ ലീഗൽ ടീം പറഞ്ഞു.
തെറ്റുകള്‍ പറ്റിയിട്ടുണ്ട്.ആ തെറ്റുകള്‍ തിരുത്താന്‍ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ബൈജു രവീന്ദ്രന്‍. നേരത്തെ വ്യക്തമാക്കിയിരുന്നു.ഞങ്ങള്‍ക്ക് ആറ് മാസം സമയം നല്‍കൂ, ബൈജൂസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ജനുവരിയില്‍ ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞിരുന്നു.
ബൈജൂസിനെ സംബന്ധിച്ച് കഴിഞ്ഞ ആറ് മാസം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും അക്കൗണ്ടിംഗ് നിയന്ത്രണങ്ങളെയും വില്‍പ്പന തന്ത്രങ്ങളെയും കുറിച്ച് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബൈജൂസിന്റെ അടുത്ത ആറ് വര്‍ഷം മികച്ചതായിരിക്കുമെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
അടുത്ത പാദത്തില്‍ ബൈജൂസ് ലാഭകരമാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഏകീകൃത തലത്തില്‍ ലാഭം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഏറ്റവും മോശമായ സമയം അവസാനിച്ചു എന്നും ഇനി നെറ്റ്‌റങ്ങളുടെ പാതയിലേക്ക് കമ്പനിയെ നയിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.
അക്കൗണ്ടിംഗ് ക്രമക്കേടുകള്‍, കോഴ്സുകളുടെ തെറ്റായ വില്‍പ്പന, കൂട്ട പിരിച്ചുവിടലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ എഡ്ടെക് ഭീമന്‍ വിമര്‍ശനത്തിന് വിധേയമായതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസ് കഴിഞ്ഞ വര്‍ഷം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്നു.
ബൈജൂസിന്റെ വില്പനയില്‍ നിരവധി പരാതികളായിരുന്നു ഉയര്‍ന്നു വന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന് വില്പന തന്ത്രം മാറ്റുന്നതായി കമ്പനി അറിയിച്ചിരുന്നു. ബൈജൂസിന്റെ സെയില്‍സ് ടീം ഇനി വീടുകളിലെത്തി കോഴ്സുകള്‍ വില്പന നടത്തില്ല. 25000 രൂപയില്‍ കുറവ് വരുമാനമുള്ള വീടുകളില്‍ കച്ചവടം നടത്തില്ല എന്നും അറിയിച്ചിരുന്നു.