തിരുവനന്തപുരം: ഇ പി ജയരാജന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഹൈക്കോടതി വിധി പൂര്‍ണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അതിന്റെ കാര്യങ്ങള്‍ ഇനിയും മനസിലാക്കാനിരിക്കുന്നതേുള്ളൂ..
മനസിലാക്കിയ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തൻ്റെ ഭാഗവും തെളിവുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട ഒരുകാര്യമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തീര്‍ച്ചയായും ഈ കേസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. എത്രവര്‍ഷം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ജയരാജന്‍ പറഞ്ഞു.
അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു. ആക്രമണം നടത്തുന്നതിനായി വാടക കൊലയാളികളെ അയച്ചത് കെ സുധാകരനാണെന്ന് എഫ്ഐആറിലുണ്ട്. കേസിലെ പ്രതികളിലൊരാളായ പേട്ട ദിനേശന്‍ സുധീഷ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ആര്‍എസ്എസ് ഗുണ്ടകളെ വാടകക്കെടുത്തത് സുധാകരനാണ്. ഗൂഢാലോചന നടത്തിയത് സുധാകരന്‍ തന്നെയെന്നും ജയരാജൻ പറഞ്ഞു.
ഹൈക്കോടതി അവസാന കോടതിയല്ല. സെഷൻസ് കോടതി വിധിക്കെതിരായിട്ടാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. താനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കൃത്യമായി തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ചിലപ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയേക്കാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
അഴീക്കോട് നിന്നുള്ള ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവാണ് സുധാകരന് തോക്ക് കൊണ്ടുപോയി കൊടുത്തത്. തോക്ക് വാങ്ങി നല്‍കിയത് താണാണെന്നും തെറ്റ് പറ്റിപ്പോയെന്നും ജയകൃഷ്ണന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ വെളിപ്പെടുത്തി.
താന്‍ ഫയല്‍ ചെയ്ത കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കെ സുധാകരനെ പ്രതിയാക്കാനും സുധാകരനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനുള്ള ഉത്തരവായത്. കോടതിയുടെ വിധിക്കെതിരായിട്ടാണ് ഗൂഡാലോചന കേസില്‍ നിന്ന് ഒഴിവാക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഇ പി പ്രതികരിച്ചു.