KeralaNews

ഇ.പി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദം; എ.വി ശ്രീകുമാര്‍ അറസ്റ്റില്‍

കോട്ടയം: ഇ.പി ജയരാജന്‍റെ പേരിലുള്ള പുസ്തക വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യം ലഭിച്ചതിനാലാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ശ്രീകുമാറിൽ നിന്നാണ് ആത്മകഥ ഭാഗങ്ങൾ ചോർന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ആത്മകഥാ വിവാദത്തിൽ തന്നെ ബലിയാടാക്കിയെന്ന് ശ്രീകുമാര്‍ മൊഴി നല്‍കി. ഒരു തെറ്റും ചെയ്തിട്ടില്ല, ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്തതോടെ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ശ്രീകുമാറിന്‍റെ മൊഴിയില്‍ പറയുന്നു.

തൻ്റെ പേരിലുള്ള പുസ്തകത്തിലെ വിവരങ്ങൾ പുറത്തായതിനു പിന്നാലെ ഇപി ജയരാജൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കോട്ടയം എസ്‍പി സമർപ്പിച്ച ആദ്യ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപി തള്ളി. തുടർന്ന് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിലാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം ഡിസിയിൽ നിന്നും തന്നെയാണ് ചോർന്നതെന്ന ഗൗരവതരമായ കണ്ടെത്തൽ.

ഡിസി ബുക്സ് നടപടിയെടുത്ത പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ഉള്ളടക്കം പുറത്തുവിട്ടത്. എന്നാൽ പകർപ്പാവകാശ നിയമം അടക്കം ബാധകമായ കേസിൽ നേരിട്ട് കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇ.പിയുമായി ഡിസി ബുക്സിന് കരാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. കരാറില്ലെന്ന് ഡി.സി രവിയും പൊലീസിനു മൊഴി നൽകിയിരുന്നു. കൂടാതെ ഡിസി ബുക്സിലെ ജീവനക്കാരെ അടക്കം നേരിൽ കണ്ട് പൊലീസ് വിവരങ്ങൾ തേടി.

ഉപതെരഞ്ഞെടുപ്പ് ദിവസം പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന പേരിൽ മാധ്യമങ്ങളിൽ വാർത്ത വന്നതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പിയുടെ പരാതി. ഇപിയെ പിന്തുച്ച സിപിഎമ്മും സർക്കാരും ഗൂഢാലോചന വാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തീർക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker