തിരുവനന്തപുരം:ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയിൽ ഇന്നു വൈകിട്ടാണ് പ്രദർശനം. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദർശനം ഒരുക്കുന്നത്.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂർ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദർശനമുണ്ടാകുമെന്നും അറിയിച്ചു.
തിങ്കളാഴ്ച ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്‍ലാമിക് ഓർഗനൈസേഷൻ, മുസ്‍ലിം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ വിദ്യാർഥി സംഘടനകളാണ് ക്യാംപസിനുള്ളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഈ സംഘടനകളിൽനിന്നുള്ള അൻപതോളം വിദ്യാർഥികൾ പ്രദർശനം കാണാനെത്തിയെന്നാണ് വിവരം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ രംഗത്തെത്തി. എന്നാൽ വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചെന്ന് വിവരം ലഭിച്ചെങ്കിലും ആരും പരാതി എഴുതി നൽകാത്തതിനാൽ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി. ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.
ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല എന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഇതിൽ മാറ്റം ഉണ്ടാകുന്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി