കണ്ണൂര്‍: തോട്ടടയിലുണ്ടായ ബോംബേറിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രസ്താവനക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്സും, മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവാണ് ഷാഫി പറമ്പിലെന്ന് ഷാജര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയപ്രവര്‍ത്തനവും ഗുണ്ടാപണിയും ഒരുമിച്ച് നടത്തുന്നവരാണ് ഡി.വൈ.എഫ്.ഐക്കാരെന്ന് ഷാഫി പറഞ്ഞിരുന്നു. ബോംബേറ് കേസിലെ പ്രതി ഡി.വൈ.എഫ്.ഐക്കാരനാണെന്നും ബോംബ് നിര്‍മാണത്തിന് സി.പി.ഐ.എമ്മിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിലിനെ പോലൊരു ക്രിമിനലിന്റെ ഉപദേശം കണ്ണൂര്‍ വിഷയത്തില്‍ ആവശ്യമില്ലെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.
‘രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്സും, മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവാണ് ഷാഫി പറമ്പില്‍. അത്തരമൊരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കള്‍ക്ക് ആവശ്യമില്ല,’ അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ നിഖില്‍ പൈലി ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണെന്നും ഷാജര്‍ പറഞ്ഞു.
‘യൂത്ത് കോണ്‍ഗ്രസിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഇപ്പോഴും നിഖില്‍ പൈലി എന്ന കൊലയാളി തന്നെയാണ്. ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലിനെ ഈ നിമിഷം വരെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. ഒരു ക്രിമിനലിനെ മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചതും ഇപ്പോഴും സംരക്ഷിക്കുന്നതും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ്,’ ഷാജര്‍ ആരോപിച്ചു.
തങ്ങളെ ഏകപക്ഷീയമായി കൊന്ന്തള്ളിയപ്പോഴും നാട്ടില്‍ സമാധാനം പുലരാന്‍ ക്ഷമയോടെ നിലകൊണ്ട പ്രസ്ഥാനത്തെ ആക്ഷേപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അസംബന്ധം വിളിച്ച് പറയുകയാണ്. വര്‍ത്തമാനകാല അനുഭവത്തില്‍ കണ്ണൂര്‍ ക്രമസമാധാന പാലനത്തില്‍ മാതൃകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നാല്‍ അത്തരം സംഭവങ്ങളെ തള്ളി പറയാനും ഇനി ആവര്‍ത്തിക്കാതിരിക്കാനും നാട് ഒരുമിച്ചു നില്‍ക്കുകയാണ്. ഇത്തരം സമയത്ത് കുത്തിത്തിരിപ്പുമായി കണ്ണൂരില്‍ വന്ന് അഭ്യാസം കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ തലവന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ആദ്യം ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളെ പുറത്താക്കി എന്ന് ഒരു വരിയെഴുതി പ്രസിദ്ധീകരിക്ക്. പിന്നെ കൂടെ നടക്കുന്നവരുടെ അരയില്‍ കരുതിയ കത്തി എടുത്തു കളയൂ. എന്നിട്ട് പോരെ അക്രമത്തിനെതിരായ കഥാപ്രസംഗം,’ ഷാജര്‍ പറഞ്ഞു.
യുവാക്കളില്‍ വര്‍ധിച്ചു വരുന്ന അരാജകത്വ പ്രവണതകളെ ഇല്ലാതാക്കാന്‍ സമൂഹത്തോട് ഉത്തരവാദിത്വമുള്ള എല്ലാവരും മുന്നിട്ടിറങ്ങണം. ഡി.വൈ.എഫ്.ഐ ഈ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കുകയുമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇതുനുള്ള പിന്തുണയും നല്‍കി വരുന്നുണ്ട്. സാമൂഹ്യ വിപത്തുകളെ ഒരുമിച്ചു പ്രതിരോധിക്കുവാന്‍ ആണ് ശ്രമിക്കേണ്ടത്, അവിടെ വന്ന് കുളം കലക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഷാഫിയെയും കൂട്ടരെയും ഉപദേശിക്കാന്‍ പഴയ കോണ്‍ഗ്രസിലെ മുതിര്‍ന്ന ആരെങ്കിലും മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തോട്ടട ജിഷ്ണു വധക്കേസില്‍ മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മിഥുന്‍, അക്ഷയ്, ഗോകുല്‍ എന്നിവരാണ് ബോംബ് നിര്‍മിച്ചെതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയിലാണ് ബോംബേറിഞ്ഞത്. കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമെന്നാണെന്ന് നേരത്തെതന്നെ പുറത്തുവന്നിരുന്നു.
കല്യാണവീട്ടില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് ബോംബേറുണ്ടായത്.