‘ഹിറ്റ്മാനല്ല ഡക്ക്മാൻ’; രോഹിത്തിന് ട്രോൾമഴ
ചെന്നൈ: ശനിയാഴ്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും ഡക്കായതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്കായ രോഹിത്ത് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിരവധിപേര്‍ രോഹിത്തിനെ പരിഹസിച്ച് രംഗത്തെത്തിയത്.
ഐപിഎല്‍ കരിയറില്‍ ഇത് 16-ാം തവണയാണ് രോഹിത് ഡക്കായി മടങ്ങിയത്. 15 തവണ ഡക്കായ സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്. നേരത്തെ പഞ്ചാബ് കിങ്സിനെതിരേ നടന്ന മത്സരത്തിലും രോഹിത്തിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല.
ചെന്നൈക്കെതിരായ മത്സരത്തില്‍ ദീപക് ചാഹറാണ് രോഹിത്തിനെ പുറത്താക്കിയത്. ദീപക്കിന്റെ പന്തില്‍ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴയ്ക്കുകയായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഗള്ളിയില്‍ രവീന്ദ്ര ജഡേജ കൈക്കലാക്കി. ഐ.പി.എല്‍ നായകനെന്ന നിലയില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് മടങ്ങിയ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 11 തവണയാണ് താരം ഇത്തരത്തില്‍ പൂജ്യത്തിന് പുറത്തായത്. ക്യാപ്റ്റനായിരിക്കേ 10 തവണ ഡക്കായ ഗൗതം ഗംഭീറാണ് ഈ പട്ടികയില്‍ രോഹിത്തിനു പിന്നില്‍.
ഹിറ്റ്മാനല്ല ഇത് ഡക്ക്മാനാണെന്ന് പറഞ്ഞാണ് ട്വിറ്ററിലും മറ്റും രോഹിത്തിനെതിരേ പരിഹാസമുയരുന്നത്. താറാവുകള്‍ക്കൊപ്പം നില്‍ക്കുന്ന രോഹിത്തിന്റെ ചിത്രവും വ്യാപകമായി ഷെയല്‍ ചെയ്യപ്പെടുന്നുണ്ട്.