കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കെ അരുണ്‍ കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് അഹമ്മദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. ഇതേ കോടതി പ്രതികള്‍ക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
പ്രതികള്‍ക്കെതിരെ ചുമത്തിയ പോക്‌സോ കേസ് നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും നിരീക്ഷിച്ചു. എന്നാല്‍, പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി അറിയിച്ചു. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ടെലി സ്‌കിറ്റായിരുന്നെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെയും മാതാപിതാക്കളുടെയും അനുമതിയോടെയാണ് അത് ചിത്രീകരിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം.
കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കേസ് എടുക്കാന്‍ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.