ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം, ചെന്നൈയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് സെൽഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ അഞ്ച് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസിൽ 10 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ജെജെ നഗർ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.
അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുകയും കഞ്ചാവ് മാത്രമല്ല, മെത്താംഫെറ്റാമിൻ ഇനം മയക്കുമരുന്നും വിൽപന നടത്തിയിരുന്നതായും കണ്ടെത്തി.
തുടർന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ച് കഞ്ചാവ് വാങ്ങിയത് ആരാണെന്ന് കണ്ടെത്തുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നടൻ മൻസൂർ അലിഖാൻ്റെ മകൻ അലിഖാൻ തുഗ്ലക്കിൻ്റെ ഫോൺ നമ്പറും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. തുടർന്നായിരുന്നു ഇയാളുടെ അറസ്റ്റ്. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അലിഖാൻ തുഗ്ലക്ക് ഉൾപ്പെടെ 7 പേരെ മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ ഇടപെട്ട ദേശീയ വനിത കമീഷൻ നടനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വിഷയത്തിൽ മാപ്പ് പറയാനില്ലെന്നാണ് മൻസൂർ അലി ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരസ്യമായി മാപ്പ് പറയാൻ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളുടെ സംഘടന തന്നോട് ആവശ്യപ്പെട്ടത് അവരുടെ ഭാഗത്തുനിന്നുള്ള അബദ്ധമാണ്. ‘ബലാത്സംഗ സീൻ’ എന്ന പ്രയോഗത്തെ യഥാർഥ ബലാത്സംഗമെന്ന് പരിഭാഷപ്പെടുത്തരുതെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.
നടി തൃഷയെ പരാമർശിച്ച് മൻസൂർ അലി ഖാൻ നടത്തിയ ലൈംഗികാധിക്ഷേപ പരാമർശമാണ് വ്യാപക വിമർശനം വിളിച്ചുവരുത്തിയത്. ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തി. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നുമായിരുന്നു തൃഷയുടെ പരാമർശം. “എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്” – തൃഷ പറഞ്ഞു.
ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും തൃഷക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ, കലാകാരന്മാർ, പ്രൊഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.