മൂവാറ്റുപുഴ : കുടുംബശ്രീ കൂട്ടായ്മയുടെ ഇടപെടലില്‍ അയല്‍ സംസ്ഥാന തൊഴിലാളിയായ മയക്കുമരുന്ന് വ്യാപാരി എക്‌സൈസ് വലയിലായി. സ്‌കൂട്ടറും 225 ഗ്രാം കഞ്ചാവും 435 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്‍പ്പന നടത്തിവന്ന അസം നാഗോണ്‍ ജില്ലയില്‍ രൂപാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അലിം ഉദ്ദീന്‍ (29) ആണ് പിടിയിലായത്. സ്ഥിരമായി സ്‌കൂട്ടറില്‍ എത്തി എം.സി. റോഡില്‍നിന്നു തുടങ്ങുന്ന പ്രധാന ഇടവഴിയുടെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് ആവശ്യക്കാര്‍ക്ക് സ്ഥലം പറഞ്ഞുകൊടുത്ത് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്.
ഉപഭോക്താക്കളില്‍നിന്നും പണം കൈപ്പറ്റിയശേഷം ഫോണിലാണ് സ്ഥലം പറഞ്ഞുകൊടുത്തിരുന്നത്. ഇത് മനസ്സിലാക്കിയ കുടുംബശ്രീ അംഗങ്ങള്‍ കുട്ടികളുടെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറും പാര്‍ട്ടിയും സ്ഥലത്തെത്തി അന്വേഷണം നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഇതിനിടെ കഞ്ചാവ് വില്‍പ്പനയ്ക്കായി സ്‌കൂട്ടറില്‍ എത്തിയപ്പോള്‍ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഇ. ഉമ്മര്‍, എം.എം. ഷെബീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ബി. മാഹിന്‍, രഞ്ജിത്ത് രാജന്‍, പി.എന്‍. അനിത എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം.