റായ്പൂര്‍: കേരളം – ഛത്തീസ്ഗഡ് രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന ദിനം 290 റണ്‍സ് വിജയലക്ഷ്യമാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. മറുപടി ബാറ്റിംഗില്‍ ഛത്തീസ്ഗഡ് ഒന്നിന് 79 നിലയില്‍ നില്‍ക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പുറത്ത് കേരളത്തിന് കൂടുതല്‍ പോയിന്റ് ലഭിച്ചു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ കേരളത്തിന്റെ നോക്കൗട്ട് സാധ്യതകള്‍ അവസാനിച്ചുവെന്ന് പറയാം. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ഏഴ് പോയിന്റ് മാത്രമാണുള്ളത്.
ആറാം സ്ഥാനത്താണ് കേരളം. കേരളത്തിന് പിന്നില്‍ ബിഹാറും അസമും മാത്രം. ഒന്നാമതുള്ള മുംബൈക്ക് 27 പോയിന്റാണുള്ളത്. രണ്ടാമതുള്ള ആന്ധ്രാ പ്രദേശിന് 21 പോയിന്റാണുള്ളത്. ഇനി ആന്ധ്രാ, ബംഗാള്‍ എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരം. ശക്തരായ ഇരു ടീമുകളേയും മറികടക്കുക അനായാസമായിരിക്കില്ല.
രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ തന്നെ ഛത്തീസ്ഗഡിന് ശശാങ്ക് ചന്ദ്രശേഖറിന്റെ (14) വിക്കറ്റ് നഷ്ടമായിരുന്നു. ബേസില്‍ തമ്പിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ റിഷഭ് തിവാരി (39), അഷുതോഷ് സിംഗ് (25) എന്നിവര്‍ ക്രീസില്‍ ഉറച്ചുനിന്നു. ഇതോടെ സമനില പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ, രണ്ടാം ഇന്നിംഗ്‌സില്‍ കേരളം അഞ്ചിന് 251 എന്ന നിലയില്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 94 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ സച്ചിന്‍ 91 റണ്‍സെടുത്തിരുന്നു. മുഹമ്മദ് അസറുദ്ദീന്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു.
കേരളം നാലാം ദിനം 69-2 എന്ന സ്‌കോറിലാണ് ക്രീസിലിറങ്ങിയത്. നാലാം ദിനം വിഷ്ണു വിനോദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സെടുത്ത വിഷ്ണു വിനോദിനെ കേരളത്തിന്റെ സ്‌കോര്‍ 100 കടക്കും മുമ്പ് അജയ് മണ്ഡല്‍ ബൗള്‍ഡാക്കി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാമനായാണ് ക്രീസിലെത്തിയത്. രണ്ട് ഫോറും ഒരു സിക്‌സും അടിച്ച് സഞ്ജു നല്ല തുടക്കമിട്ട് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല. സഞ്ജുവിനെയും വീഴ്ത്തി അജയ് മണ്ഡല്‍ കേരളത്തിന് നാലാം പ്രഹരമേല്‍പ്പിച്ചു.
പിന്നാലെ സച്ചിന്‍ ബേബി – മുഹമ്മദ് അസറുദ്ദീന്‍ സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സച്ചിന്‍ മടങ്ങി. റണ്ണൗട്ടായ താരത്തിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു. പിന്നാലെ കേരളം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതിനിടെ അസര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 63 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു അസറിന്റെ ഇന്നിംഗ്‌സ്.
ഇന്നലെ 51 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. രോഹന്‍ കുന്നുമ്മലിനെ (36) ആഷിഷ് ചൗധരി പുറത്താക്കുകയായിരുന്നു. പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ രോഹന്‍ പ്രേമും (17) പവലിയനില്‍ തിരിച്ചെത്തി. ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ 350നെതിരെ ഛത്തീസ്ഗഡ് 312ന് പുറത്താവുകയായിരുന്നു. 38 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം നേടിയത്.