KeralaNews

മൂന്നുനാലു ദിവസം മുൻപു വരെ ഞാൻ നേരിട്ടത് ഇടതുപക്ഷത്തു നിന്നുള്ള സൈബർ ബുള്ളിയിയിംഗ്‌, ഇപ്പോൾ നേരിടുന്നത് വലതുപക്ഷത്തുനിന്നുള്ള സൈബർ ബുള്ളിയിംഗ്,രണ്ടും പുത്തരിയല്ല; ഞങ്ങൾക്കിടയിൽ ഒരു ഡീലുണ്ട്,തുറന്നുപറഞ്ഞ്‌ സൗമ്യ സരിൻ

പാലക്കാട്‌:സൈബർ ബുള്ളിയിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരണവുമായി ഡോ. സൗമ്യ സരിൻ. സൈബർ ബുള്ളിയിങ് തനിക്ക് പുത്തരിയല്ലെന്നും അതിൽ ഒരു തരത്തിലുമുള്ള ഇരവാദവും ഉന്നയിക്കില്ലെന്നും സൗമ്യ പറഞ്ഞു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത് എന്ന കുറിപ്പോടെയാണ് സൗമ്യ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചത്.

താനും സരിനും തികച്ചും രണ്ടു വ്യക്തികളാണെന്നും ഇരുവരും അവരുടെ തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുന്നവരാണെന്നും സൗമ്യ കൂട്ടിച്ചേർത്തു. സരിൻ ഇടതുപക്ഷത്തേക്കു പോകുമ്പോൾ ഡോ. സൗമ്യയുടെ നിലപാട് എന്താണെന്നു ചോദിച്ചവർക്കുള്ള ഉത്തരമാണ് ഈ വിഡിയോ എന്നും അവർ കൂട്ടിച്ചേർത്തു.

ഡോക്ടർ സൗമ്യ സരിന്റെ വാക്കുകൾ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞാനുൾപ്പെടെയുള്ളവർ ചർച്ചകളിലും മറ്റുഭാഗമാകാറുണ്ട്. ഡോ. പി. സരിൻ എന്റെ ജീവിതപങ്കാളിയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിലും ഞാനും ഇതിന്റെ ഭാഗമായി വന്നു. ഇതുസംബന്ധിച്ച് ഞാൻ സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചു. അപ്പോൾ ഞാൻ ഇരവാദം ഉന്നയിക്കുകയാണെന്നായി. അതിനൊരു ക്ലാരിറ്റി വരുത്തുന്നതിനാണ് ഈ വിഡിയോ.

സൈബർ ബുള്ളിയിങ് എനിക്ക് പുത്തരിയല്ല. സൈബർ ബുള്ളിയിങ് വന്നതു കൊണ്ട് ഞാൻ സങ്കടപ്പെടുകയോ കരയുകയോ ഇല്ല. ഇര എന്നുള്ള വാക്കിനോട് തന്നെ വളരെ പ്രതിഷേധമുള്ള വ്യക്തിയാണ് ഞാൻ. ‘ഇര’എന്നുള്ള വാക്ക് ഉപയോഗിക്കുന്നത് നിസ്സഹായതയുടെ പ്രതീകമായിട്ടാണ്. നല്ലരീതിയിലും മോശം രീതിയിലും സൈബർ ഇടങ്ങളിൽ പെരുമാറുന്നവർ എല്ലാ പാർട്ടിയിലും ഉണ്ട്.

മൂന്നുനാലു ദിവസം മുൻപു വരെ ഞാൻ നേരിട്ടത് ഇടതുപക്ഷത്തു നിന്നുള്ള സൈബർ ബുള്ളിയിങ്ങായിരുന്നു. ഇപ്പോൾ നേരിടുന്നത് വലതുപക്ഷത്തുനിന്നുള്ള സൈബർ ബുള്ളിയിങ്ങാണ്. നാലുദിവസം മുൻപ് സ്നേഹമായിരുന്നവരിൽ ചിലരിപ്പോൾ വെറുപ്പ് കാണിക്കുന്നു. ആ സ്നേഹത്തിലും വറുപ്പിലും വലിയ മൂല്യമില്ലെന്നു മനസ്സിലാക്കിയ ആളാണ് ഞാൻ. പുതുതായി കിട്ടിയ സ്നേഹത്തിലും വെറുപ്പിലും എനിക്കൊന്നുമില്ല. സോഷ്യൽമീഡിയ എന്റെ ജീവിതമല്ലെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്.

കുറച്ചു ദിവസം മുൻപുവരെ എനിക്ക് സൈബര്‍ ലോകത്ത് ഒരു ഇരട്ടപ്പേരുണ്ടായിരുന്നു. ‘യുഡിസി കുമാരി’. ഇടത് സൈബർ പോരാളികൾ എന്നെ വിളിച്ചിരുന്ന പേരാണത്. എല്ലാപാർട്ടിയിലുമുള്ളവർ എന്റെ സൗഹൃദവലയത്തിലുണ്ട്. പാര്‍ട്ടിയുടെ കൊടിയുടെ നിറത്തിന്റെ പേരിലല്ല എന്നെ അവർ കാണുന്നത്. ഇത്തരം സൈബർ ട്രോളുകൾ വരുമ്പോൾ ഞാനെന്റെ ഇടതുസുഹൃത്തുക്കൾക്കൊപ്പം കണ്ടിരുന്ന് ചിരിക്കാറുണ്ട്. ‍അതുകൊണ്ടു തന്നെ ഈ ഇരവാദം എന്നത് എന്റെമേൽ ചാരരുത്. എന്റെ കമന്റ് ബോക്സ് ഞാൻ ഓഫ് ചെയ്യാറില്ല. പിന്നെ എന്തുകൊണ്ട് ഞാൻ ആ പോസ്റ്റിട്ടു എന്നതിനുള്ള വിശദീകരണമാണ്.

നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ വിഡിയോ ഞാൻ പങ്കുവച്ചു. ആ പോസ്റ്റിനു താഴെയാണ് സഭ്യമല്ലാത്ത ഭാഷയിലുള്ള കമന്റുകൾ എത്തിയത്. അതിനു മറുപടിയായാണ് പോസ്റ്റിട്ടത്. പക്ഷേ, വളരെ മാന്യമായ രീതിയിലുള്ള പ്രതിഷേധങ്ങളും ചിലർ അറിയിച്ചു. അവരോടാണ്. 2009 മുതൽ സരിനും ഞാനും ജീവിത പങ്കാളികളാണ്. എന്റെയും സരിന്റെയും കാര്യത്തിൽ ഞങ്ങൾ രണ്ടുപേർക്കും സ്വകാര്യ ജീവിതം എന്നതു പോലെ രണ്ടുരീതിയിൽ പൊതുജീവിതവും ഉണ്ട്.

ഞങ്ങളുടെ വീട്, കുടുംബം, മകൾ ഇതെല്ലാം ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. രണ്ടാമത്തേത് സൊസൈറ്റി ഉൾപ്പെടുന്ന കാര്യങ്ങളാണ്. സരിന്റെ വഴി രാഷ്ട്രീയമാണ്. ഒരു ഡോക്ടറെന്ന നിലയിൽ എന്റെ വഴി വേറെ തന്നെയാണ്. പൊതുയിടത്തിൽ ഞങ്ങൾ രണ്ടു വ്യക്തികൾ തന്നെയാണ്. ഡോക്ടർ സൗമ്യ സരിൻ എന്നൊരു വാല് എനിക്കുണ്ടെങ്കിലും അവിടെ ഞാൻ ഡോക്ടർ സൗമ്യയും അദ്ദേഹം ഡോക്ടർ സരിനും ആണ്. ഒരുവിഷയത്തിൽ ഞങ്ങൾ പരസ്പരം സംസാരിക്കുമെങ്കിലും തീരുമാനിക്കുന്നത് അവരവരുടെ താത്പര്യങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും അനുസരിച്ചായിരിക്കും.

സരിന്റെ ശരികൾ ചിലപ്പോൾ എനിക്ക് തെറ്റായി തോന്നാം. തിരിച്ച് എന്റെ ശരികൾ ചിലപ്പോൾ സരിനു തെറ്റായി തോന്നിയേക്കാം. സരിന്റെ തീരുമാനങ്ങൾ സരിന്റേതും എന്റെ തീരുമാനങ്ങൾ എന്റേതുമാണ്. ആ തീരുമാനവുമായി മുന്നോട്ടു പോകുക എന്നതാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ. സരിൻ രാഷ്ട്രീയത്തിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് ആലോചിച്ചു തന്നെ എടുത്തതായിരിക്കും. എന്റെ ജീവിത പങ്കാളി എടുത്ത ഒരു തീരുമാനം അത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കട്ടെ. ഞങ്ങളിൽ ഒരാൾ ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ രീതി. അങ്ങനെ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ.

ഭാര്യയും ഭർത്താവും എന്നതൊക്കെ ശരിയാണ്. പക്ഷേ, ഓരോരുത്തർക്കും ഓരോ ശരികളുണ്ട്. ഞാൻ ചികിത്സിക്കുന്ന ഒരുകുട്ടിയുടെ കാര്യത്തിൽ ഒരു പരിധിവിട്ട് സരിന് അഭിപ്രായം പറയാൻ സാധിക്കില്ല. കാരണം, സരിൻ എന്റെ മേഖലയിൽ എക്സ്പേർട്ട് അല്ല. സരിൻ ഈ തീരുമാനം എടുക്കുമ്പോഴും എന്റെ അഭിപ്രായം ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, അവസാനത്തെ തീരുമാനം അത് സരിന്റെതാണ്. തീരുമാനം എടുത്തുകഴിഞ്ഞാൽ അതിനൊപ്പം നിൽക്കുക എന്നതാണ് ഒരു ജീവിതപങ്കാളി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം.

സരിൻ കോൺഗ്രസിൽ നിൽക്കുമ്പോഴും ഞാൻ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതാണ് ഞങ്ങളുടെ രീതി. ഓരോവ്യക്തിയുടെയും തീരുമാനത്തെയും ബഹുമാനിക്കാൻ പഠിക്കൂ. ഇരവാദവുമായി ഞാൻ എവിടെയും വരില്ല. അങ്ങനെയൊരു നിസ്സഹായ അവസ്ഥ എനിക്കുണ്ടാകില്ല. നല്ലവരെ ഉൾക്കൊണ്ട് മോശക്കാരെ അവഗണിച്ചു മുന്നോട്ടു പോകാനാണ് തീരുമാനം. എന്റെ ഭർത്താവിനടക്കം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാവർക്കും വിജയാശംസകൾ നേരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker