KeralaNews

ഡോ. ഷഹനയുടെ ആത്മഹത്യ;ഡോ. റുവൈസിന് പഠനം തുടരാനാകില്ല, ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയും സഹപാഠിയുമായ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസിന്റെ പി.ജി. പഠനം ഹൈക്കോടതി തടഞ്ഞു. റുവൈസിന് പഠനം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

മാര്‍ച്ച് 14-നാണ് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു.

മെറിറ്റില്‍ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കോളേജ് അധികൃതര്‍ മുന്‍കരുതലെടുക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പ്രതിയുടെ പേരിലുള്ള കുറ്റം ഗുരുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനം തുടരാന്‍ തടസ്സമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം, മതിയായ ഹാജര്‍ ഇല്ലെങ്കില്‍ പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന് ആരോഗ്യസര്‍വകലാശാല ബോധിപ്പിച്ചെങ്കിലും കുറ്റവാളികള്‍ക്കും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ ഓര്‍മപ്പെടുത്തല്‍.

റുവൈസും കുടുംബവും ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ നാലിന് ഷഹന ആത്മഹത്യചെയ്തതായാണ് കേസ്. ആത്മഹത്യാപ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധനനിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പ്രതിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker