
പത്തനംതിട്ട: സ്ത്രീധനം കുറഞ്ഞു പോയതിനും കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ടും ഭാര്യയെ നിരന്തരമായി ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഏറം തെക്കുമല പതാലില്‍ വീട്ടില്‍ ബിജു (52) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2020 ജൂണ്‍ 25 നാണ് ബിജു യുവതിയെ വിവാഹം കഴിച്ചത്. ഇവരെ പതിവായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ 11 ന് പുലര്‍ച്ചെ രണ്ടരയ്ക്ക് മര്‍ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി പൂഴിക്കാടുള്ള സ്നേഹിത യില്‍ എത്തി. ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെ അകന്നു മാറി സഹോദരന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ഒമ്പതിന് മലയാലപ്പുഴയില്‍ വച്ച് കണ്ട് സ്നേഹം നടിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ബിജു. വീട്ടിലെത്തിയ ശേഷം ദേഹോപദ്രവം തുടര്‍ന്നു.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന കലയുടെ മൊഴി മലയാലപ്പുഴ പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിരന്തരമായി ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് സംബന്ധിച്ച പരാതികള്‍ യുവതി നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ ബിജുവിനെ മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പലതവണ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. കൂടാതെ കൗണ്‍സിലിംഗ് നല്‍കുന്നതിന് വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായില്ല.
കഴിഞ്ഞവര്‍ഷം നവംബര്‍ 19ന് ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കുകയും, കത്തിയെടുത്തെറിഞ്ഞ് വലതു കൈമുട്ടിനുതാഴെ ആഴത്തില്‍ മുറിവ് ഉണ്ടാക്കുകയും ചെയ്തു. ഇവരുടെ മൊഴി പ്രകാരമെടുത്ത ഈ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിനുപുറമേ, 2022 ല്‍ ദേഹോപദ്രവം ഏല്പിച്ചതിനു എടുത്ത കേസിലും, കഞ്ചാവ് ഉപയോഗിച്ചതിനെടുത്ത കേസിലും ഇയാള്‍ ഉള്‍പ്പെട്ടു. നിരന്തരം ഉപദ്രവം തുടര്‍ന്ന ബിജു, വകവരുത്തുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഭാര്യയുടെ മൊഴിയിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.