KeralaNews

ഇരട്ട നരബലി: കേസ് അന്വേഷണത്തിന് പ്രത്യേക സംഘം, പെരുമ്പാവൂര്‍ എഎസ്പിക്ക് അന്വേഷണ ചുമതല

കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‍ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. 

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. 

ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാൻഡ് റിപ്പോ‍ര്‍ട്ടിലുണ്ട്. കേസില്‍ പ്രതികളെ രണ്ടാഴ്‍ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റിയിട്ടുണ്ട്. 

സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. പതിനാറാം വയസ്സിൽ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി പല ദേശത്ത് പല പേരുകളിലും തങ്ങി. ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം.

തന്‍റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു. ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്കും ഷാഫി അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കത്തിമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി വെളിപ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button