ഗാസ ഏറ്റെടുക്കും,കടൽത്തീര സുഖവാസകേന്ദ്രമാക്കി മാറ്റും- ട്രംപ്; ചരിത്രം തിരുത്തുന്ന പ്രഖ്യാപനമെന്ന് നെതന്യാഹു
വാഷിങ്ടണ്‍: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യു.എസ് തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് നെതന്യാഹു ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നും എല്ലാവരും ശ്രദ്ധ നല്‍കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയെ ഏറ്റെടുക്കുമെന്നും പുനര്‍നിര്‍മാണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാന്‍ യു.എസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയിരിക്കുകയാണെന്നും ഈ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
‘
ഗാസയില്‍ യു.എസ് പുതിയ തൊഴിലുകളും ഭവനങ്ങളുമുണ്ടാക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും താത്പര്യം പ്രകടിപ്പിച്ചു. ഗാസയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയക്കേണ്ടി വന്നാല്‍ അതും ചെയ്യും.’-ട്രംപ് വ്യക്തമാക്കി.
നിലവിലെ ഗാസയ്ക്ക് ഭാവിയില്ലെന്നും പലസ്തീന്‍ പൗരന്‍മാരെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഗാസയുടെ പുനരധിവാസം നടപ്പില്ലാക്കേണ്ടത് അവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്തവരും അല്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ചർച്ചകൾക്ക് ശേഷം ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്‍റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി.
ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. രണ്ടാംഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും. അതേസമയം പലസ്തീൻകാർ ഗസ്സ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.