കൊച്ചി: മോന്‍സന്‍ മാവുങ്കലിന് എതിരായ പോക്സോ കേസിലെ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ മോന്‍സന് അനുകൂലമായി സംസാരിച്ചത്.
മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും കേസ് അട്ടിമറിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി ആരോപണം ഉന്നയിച്ചു. പെണ്‍കുട്ടിയും ബന്ധുവും ബലമായി വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയാണ് ഉണ്ടായത്.
രഹസ്യമൊഴി നല്‍കിയപ്പോള്‍ മജിസ്ട്രേറ്റിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. ബുധനാഴ്ച രാത്രി ഏഴോടെ പെണ്‍കുട്ടി കളമശേരി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും രേഖാമൂലം പരാതി നല്‍കിയിട്ടില്ല.
മോന്‍സണ്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി സര്‍ക്കര്‍ ഹൈക്കോടതിയെ അറിയിച്ചു. മോന്‍സണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് കത്ത് നല്‍കിയെന്നും അന്വേഷണം തൃപ്തികരമായി പോകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.