ഇന്ത്യയില്‍ ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ നടി ആരാണെന്നറിയാമോ? നായകന്മാരെ പോലും ഞെട്ടിച്ച് ആ നടി
മുംബൈ:നായകന്മാരേക്കാൾ കുറഞ്ഞ കാശാണ് നടിമാര്‍ക്ക് ലഭിക്കുന്നത് . നായകന്മാര്‍ 100 കോടി വാങ്ങുന്ന ചിത്രത്തില്‍ നടിമാര്‍ക്ക് പലപ്പോഴും ഒന്നോ രണ്ടോ കോടിയാണ് പ്രതിഫലം ലഭിക്കാറ്. ഫൈറ്റര്‍ എന്ന ചിത്രത്തില്‍ അടുത്തിടെ നടി ദീപിക പാദുകോണിന് ലഭിച്ച പ്രതിഫലം 10 കോടിയാണ് എന്നാണ് പുറത്തുവന്ന വാര്‍ത്ത.
അതിനാല്‍ തന്നെ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ദീപികയാണ് എന്ന് പറയാം. അത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ വനിത താരം ആരായിരിക്കും. കൗതുകരമായ ഈ ചോദ്യത്തിന് ഉത്തരം അത് പഴയകാല നടിമാരില്‍ ഹേമ മാലിനിയോ, സീനത്ത് അമനോ, ഐശ്വര്യറായിയോ, മനീഷ കൊയ്രാളയോ അല്ല എന്നതാണ് രസകരം.
ഇന്ന് നൂറുകോടിയൊക്കെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്ളയിടത്ത് 1 കോടി ഒരു സിനിമയ്ക്ക് എന്നത് ഒരു കാലത്ത് വലിയ തുക തന്നെയായിരുന്നു എന്നതാണ് സത്യം. നടി ശ്രീദേവിയാണ് ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ ഒരു കോടി ശമ്പളം വാങ്ങിയ നടിയെന്നാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്.
ദക്ഷിണേന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ഒരു ഹിന്ദി ചിത്രത്തിലേക്ക് അഭിനയിക്കാന്‍ എത്തിയ ശ്രീദേവിക്ക് ഒരു കോടി രൂപയോളാണ് അന്ന് പ്രതിഫലം നല്‍കേണ്ടി വന്നത്. ഹിന്ദിയില്‍ ശ്രീദേവി എന്നും ഒരു കോടിക്ക് അടുത്ത് പ്രതിഫലം 80 കളിലും 90 കളിലും വാങ്ങിയിരുന്നുവെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
അത് മാത്രമല്ല ശ്രീദേവി അരങ്ങേറ്റം കുറിച്ചത് കെ.ബാലചന്ദ്രര്‍ സംവിധാനം ചെയ്ത മൂന്‍ട്രൂ മുടിച്ചു എന്ന ചിത്രത്തിലൂടെയാണ്. ശ്രീദേവിക്കൊപ്പം കമല്‍ഹാസനും, രജനികാന്തും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ശരിക്കും രജനികാന്തിനെക്കാള്‍ ഈ ചിത്രത്തില്‍ ശമ്പളം വാങ്ങിയത് ശ്രീദേവിയാണ് എന്നതാണ് സത്യം. ശ്രീദേവിക്ക് 50,000 ശമ്പളം ലഭിച്ചപ്പോള്‍ രജനിക്ക് ലഭിച്ചത് 20,000 ആയിരുന്നു.
ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ശ്രീദേവി തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായാണ് അഭിനയം തുടങ്ങിയത്.2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.
രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 24 ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയില്‍ വച്ചാണ് ശ്രീദേവി മരണപ്പെട്ടത്.