ചെന്നൈ: അഴിമതിയുടെ ആദ്യ പകര്‍പ്പവകാശം ഡിഎംകെക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിച്ച മോദി ഡിഎംകെ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുനേരെ അഴിമതി ആരോപണത്തിന്റെ കൂരമ്പുകളാണ് പ്രയോഗിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്യുകയും 4,600 കോടി രൂപ കൊള്ളയടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഡിഎംകെ തമിഴ്നാട് സംസ്ഥാനത്തെ മോശമായി കൊള്ളയടിക്കുകയാണ്.
മണല്‍ക്കടത്തുകാരുടെ പേരില്‍ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 4600 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എത്ര വലിയ കൊള്ളയടിയാണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഡിഎംകെ എന്‍ആര്‍ഐ വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സഫര്‍ സാദിഖ് പ്രതിയായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ സൂചിപ്പിച്ച് മോദി ഡിഎംകെയെ കടന്നാക്രമിച്ചു.
തമിഴ്നാട്ടിലെ ഭരണകക്ഷി മയക്കുമരുന്ന് വില്‍പ്പന അനുവദിച്ചതിലൂടെ സംസ്ഥാനത്തെ കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. തമിഴ്നാട്ടില്‍ ഏത് കുടുംബമാണ് ഈ മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്നതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ സന്ദേശം നല്‍കുമെന്നും മോദി പറഞ്ഞു. ഡിഎംകെ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും തമിഴ്നാടിന്റെ വികസനത്തില്‍ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് കോണ്‍ഗ്രസ് കളിക്കുന്ന വിവേചനത്തിന്റെയും വിഭജനത്തിന്റെയും കളിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ കളിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സംരംഭങ്ങള്‍ തമിഴ്നാട്ടില്‍ ഉദ്ദേശിച്ച ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കച്ചത്തീവ് വിഷയത്തില്‍, ജനവാസമില്ലാത്ത ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് കോണ്‍ഗ്രസും ഡിഎംകെയും തമിഴ്‌നാട്ടിലെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. നമ്മുടെ മത്സ്യത്തൊഴിലാളികളോട് അവര്‍ അനീതി കാണിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി നമ്മുടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയും അവരെ നാട്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.