പോലീസിന് മുന്നിലൂടെ ദിവ്യാ ഉണ്ണി വിമാനം കയറി; അർദ്ധരാത്രിയിൽ അമേരിക്കയിലേക്ക്; ഇനി നടിയെ കണികാണാൻ കിട്ടില്ല
കൊച്ചി: ആ ഗിന്നസ് റിക്കോര്‍ഡുമായി നടി ദിവ്യാ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. കൊച്ചി വിമാനത്താവളത്തിലെ പോലീസുകാരുടെ മുന്നിലൂടെയാണ് നടി അമേരിക്കയ്ക്ക് മടങ്ങിയത്. എംഎല്‍എ ഉമാ തോമസിന് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യാ ഉണ്ണിയ്ക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.
കേസില്‍ അന്വേഷണം ദിവ്യാ ഉണ്ണിയിലേക്കും കടന്നിരുന്നു. ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നതും പരിഗണനയിലുണ്ടായിരുന്നു. സാമ്പത്തിക തട്ടിപ്പ് അടക്കം ചര്‍ച്ചകളില്‍ എത്തി. അതുകൊണ്ട് തന്നെ ദിവ്യാ ഉണ്ണിയും ജാമ്യമില്ലാ കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടായിരുന്നു.
കേസില്‍ മൃദംഗ വിഷനെതിരേയും ഈവന്റ് മാനേജ്മന്റെ ഗ്രൂപ്പിനെതിരേയും ജാമ്യമില്ലാ കേസെടുത്തു. എന്നാല്‍ ദിവ്യാ ഉണ്ണിയെ പ്രതി ചേര്‍ത്തില്ല. ഈ പഴുതുപയോഗിച്ചാണ് അമേരിക്കയിലേക്കുള്ള മടക്കം. ഇതോടെ ഈ കേസില്‍ ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യാനുള്ള കുരുക്കുകള്‍ പോലീസിന് കൂടി. കേസില്‍ നിന്നും രക്ഷപ്പെടാനാണ് ദിവ്യാ ഉണ്ണി പോയതെന്നാണ് ആരോപണം.
എന്നാല്‍ വളരെ മുമ്പ് തന്നെ ടിക്കറ്റ് ബുക്കു ചെയ്തിരുന്നുവെന്നും മുന്‍ നിശ്ചയ പ്രകാരമാണ് യാത്രയെന്നും ദിവ്യ ഉണ്ണിയുമായി അടുത്തു ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.
ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് എംഎല്‍എ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തില്‍ വിവാദം തുടരുന്നതിനിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രി 11.30 ക്കാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.
സിംഗപൂര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്. കലൂരിലെ നൃത്ത പരിപാടിയിലെടുത്ത കേസില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്ന വിവരങ്ങള്‍ക്കിടെയാണ് നടി മടങ്ങിയത്. ദീര്‍ഘ നാളായി അമേരിക്കയില്‍ സ്ഥിര താമസമാണ് ദിവ്യ ഉണ്ണി. ഈ പരിപാടിക്ക് മാത്രമായാണ് എത്തിയതെന്നാണ് സൂചന.
12000 നര്‍ത്തകര്‍ ഡാന്‍സ് ചെയ്തുവെങ്കിലും ആ റിക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് ദിവ്യാ ഉണ്ണിയാണ്. ഇതില്‍ വ്യാപക പ്രതിഷേധമുണ്ട്. നര്‍ത്തകര്‍ നാലായിരം രൂപയ്ക്ക് മുകളില്‍ നല്‍കിയാണ് പരിപാടിയുടെ ഭാഗമായത്. അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നുമില്ല. ദിവ്യാ ഉണ്ണി പണം വാങ്ങിയാണ് പരിപാടിയുടെ ഭാഗമായതെന്നാണ് സൂചന. അമേരിക്കയില്‍ നിന്നും ഇങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റ് അടക്കം സംഘാടകരില്‍ നിന്നും വാങ്ങിയെന്നും സൂചനയുണ്ട്.
അമേരിക്കയിലാണ് ദിവ്യാ ഉണ്ണി സ്ഥിര താമസമെന്ന് കേരളത്തിലെ ഒട്ടുമിക്ക പേര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ അവിടേക്ക് പോകുമെന്നതും വ്യക്തമായിരുന്നു. ഇത് മനസ്സിലാക്കി കേസില്‍ പ്രതിയാക്കാനോ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ ഒന്നും പോലീസ് തയ്യാറായില്ല.
കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയിലെ സുരക്ഷാ വീഴ്ചകള്‍ ദിവ്യാ ഉണ്ണിയേയും വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അവരോട് വലിയ മോശമായാണ് ദിവ്യാ ഉണ്ണി സംസാരിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ദിവ്യാ ഉണ്ണിയുടെ സംഘാടനത്തിലെ ഇടപെടലില്‍ പലവിധ സംശയമുണ്ടായിരുന്നു. ഇത് ദൂരീകരിക്കാനുള്ള അവസരമാണ് ദിവ്യാ ഉണ്ണിയുടെ അമേരിക്കയിലേക്കുള്ള പോക്കിലൂടെ നഷ്ടമാകുന്നത്. ചോദ്യം ചെയ്യലിന് നോട്ടീസ് നല്കാന് വൈകിയത് പോലും നടിയെ രക്ഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണവും സജീവമാണ്.
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടു നടക്കുന്നത് കുപ്രചാരണങ്ങളാണെന്ന് സംഘാടകരായ മൃദംഗ വിഷന്‍ പ്രൊപ്പറേറ്റര്‍ നിഗോഷ് കുമാര്‍ പറഞ്ഞിരുന്നു. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ അനുമതിയും വാങ്ങിയാണു പരിപാടി നടത്തിയത്. കുട്ടികളില്‍നിന്ന് സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല. 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും നിഗോഷ് കുമാര്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ അവിടെ എംഎല്‍എയ്ക്കൊരു അപകടം സംഭവിച്ചു. അതില്‍ ഖേദിക്കുന്നു. എന്നാല്‍, 12,000 കുടുംബങ്ങള്‍ പല രാജ്യങ്ങളില്‍നിന്ന് വിമാനങ്ങളിലടക്കം എത്തിയവരുണ്ട്. അവരെ മടക്കി അയയ്ക്കാന്‍ കഴിയുമായിരുന്നില്ല. കമ്പനിക്ക് ഭീമമായ തുക നഷ്ടം വരും. അതുകൊണ്ടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിപാടി മാത്രം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയായിരുന്നു നിശ്ചയിച്ചിരുന്നത്. അത് ഉപേക്ഷിച്ചു. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പരിപാടി അവസാനിപ്പിച്ചുവെന്നും നികോഷ് കുമാര്‍ പറഞ്ഞു.
ഓരോ കുട്ടികള്‍ക്കും വ്യക്തിപരമായി ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഞങ്ങള്‍ക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണ്. എല്ലാ പണ ഇടപാടും നടന്നത് ബാങ്ക് വഴിയാണ്. മൂന്നര കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. കുട്ടികളുടെ കൂടി 10 ലക്ഷത്തോളം ചെലവായിട്ടുണ്ട്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറി. ജിഎസ്ടി കിഴിച്ചുള്ള കണക്കാണ് 3.56 കോടി രൂപ. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ്ടി കിഴിച്ച് ഒരാളില്‍നിന്ന് 2,900 വാങ്ങി. അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടും.
1,600 രൂപ വാങ്ങിയ കണക്ക് ഞങ്ങള്‍ക്ക് അറിയില്ല. ടീച്ചര്‍മാരാണ് അത് കൈകാര്യം ചെയ്തത്. 500 ടീച്ചര്‍മാരാണ് ഉണ്ടായിരുന്നത്. 3500 രൂപ ഞങ്ങളിലേക്ക് ഓണ്‍ലൈനായി അടയ്ക്കുകയായിരുന്നു ടീച്ചര്‍മാരുടെ ഉത്തരവാദിത്തം. കോറിയോഗ്രാഫി ചെയ്ത രണ്ട് നൃത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ സിഡിയും സാരിയുമായിരുന്നു നല്‍കാമെന്ന് ഏറ്റിരുന്നത്. അവിടെയത്തുന്നവര്ക്കുള്ള സ്നാക്സും വെള്ളവും ഫ്രൂട്ടിയും മാത്രം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം നല്‍കിയിരുന്നു. വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 4500 രൂപയാണ് ഈടാക്കിയത്. 145 പേരാണ് ഇത്തരത്തില്‍ വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തത്.
ദിവ്യ ഉണ്ണി അടക്കമുള്ള കലാകാരികള്‍ പ്രതിഫലം വാങ്ങിയാണ് എത്തിയത്. പ്രതിഫലത്തുകയെക്കാള്‍ കലയോടുള്ള താല്‍പ്പര്യമാണ് ദിവ്യ ഉണ്ണിയെ ഇത്തരമൊരു പരിപാടിയിലേക്ക് ആകര്‍ഷിച്ചത്. പൊലീസ് സുരക്ഷയുടെ മേല്‍നോട്ടം മറ്റൊരാള്‍ക്കായിരുന്നു. എത്ര പൊലീസ് ഉണ്ടായിരുന്നു എന്ന് അറിയില്ല. മതിയായ ആളുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അവരുടെ കൂടി സഹായത്തോടെയാണു പരിപാടി ഭംഗിയായി നടന്നതെന്നും നിഗോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിശദീകരണത്തിലും നിരവധി പൊരുത്തകേടുകളുണ്ടായിരുന്നു.