FeaturedHome-bannerKeralaNewsPolitics

പാലാ നഗരസഭ ചെയര്‍മാന്‍ തര്‍ക്കം ;സിപിഐഎം ആരെ തീരുമാനിച്ചാലും അം​ഗീകരിക്കുമെന്ന് കേരള കോൺ​ഗ്രസ്

കോട്ടയം: പാലാ ന​ഗരസഭ ചെയർമാനായി സിപിഐഎം ആരെ തീരുമാനിച്ചാലും അം​ഗീകരിക്കുമെന്ന് കേരള കോൺ​ഗ്രസ് ചെയർമാൻ ജോസ് കെ മാണി. പാലായിലേത് പ്രാദേശിക കാര്യമാണ്. ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. അതേസമയം ചെയർമാൻ സ്ഥാനാർത്ഥിയായി ആരെ നിയമിക്കുമെന്നത് ചർച്ച ചെയ്യാൻ സിപിഐഎം ഇന്ന് വൈകിട്ട് പാർലമെന്ററി പാർട്ടിയോ​ഗം വിളിച്ചു ചേർത്തിട്ടുണ്ട്.

നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ബിനു പുളിക്കക്കണ്ടത്തെ സി.പി.എം. നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ സി.പി.എം.- കേരളാ കോണ്‍ഗ്രസ് എം തര്‍ക്കം രൂപപ്പെട്ടത്. ബിനു പുളിക്കക്കണ്ടത്തിന്റെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് പരസ്യമായി പറയുമ്പോഴും രൂക്ഷമായ പ്രതിസന്ധിയാണ് പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസും സി.പി.എം. ബന്ധത്തില്‍ ഉടലെടുത്തിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് സി.പി.എം. വഴങ്ങിയാല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സ്ഥാനത്തുനിന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കുകയും ആ സ്ഥാനത്തേക്ക് എല്‍.ഡി.എഫ്. സ്വതന്ത്ര സിജി പ്രസാദ് വരികയും ചെയ്‌തേക്കും. അല്ലാത്തപക്ഷം ബിനുവിന് തന്നെയാകും സാധ്യത. വിഷയത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ സി.പി.എം. തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.

കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറായ ബൈജു കൊല്ലംപറമ്പിലിനെ നഗരസഭയ്ക്കുള്ളില്‍വെച്ച് മര്‍ദിച്ചു, ജോസ് കെ. മാണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മാണി സി. കാപ്പന് അനുകൂലമായി നിലപാടെടുത്തു എന്നിങ്ങനെ പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ബിനുവിനെതിരേ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് എം ഉന്നയിച്ചിരുന്നു. ഒരു കാരണവശാലും ബിനുവിനെ അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പരസ്യപ്രതികരണങ്ങളില്‍ ബിനുവിനെ സിപിഎം സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറയുമ്പോഴും വലിയൊരു സമ്മര്‍ദതന്ത്രം കേരളാ കോണ്‍ഗ്രസ് പുലര്‍ത്തുന്നുണ്ട്. നേരത്തെ പാറത്തോട് പഞ്ചായത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തപ്പോള്‍ സി.പി.എം. ജില്ലാ നേതൃത്വം അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

ബിനുവിനെ ഒഴിവാക്കി മറ്റൊരു സ്ഥാനാര്‍ഥിയെ സി.പി.എം. കൊണ്ടുവന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സിജി പ്രസാദ് എന്ന എല്‍.ഡി.എഫിന്റെ വനിതാ കൗണ്‍സിലറെ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാധ്യത. നിലവില്‍ നഗരസഭയില്‍ സി.പി.എം. ചിഹ്നത്തില്‍ വിജയിച്ച ഏക അംഗം ബിനുവാണ്. മറ്റ് ആറ് അംഗങ്ങള്‍ എല്‍.ഡി.എഫ്. സ്വതന്ത്രരാണ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ ബിനുവിനെ മാറ്റുമെന്നാണ് വിവരം.

വിഷയത്തില്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തില്‍നിന്ന് വലിയസമ്മര്‍ദം ജില്ലാനേതൃത്വത്തിനുണ്ട്. മുന്നണിബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തേണ്ടെന്നും കേരളാ കോണ്‍ഗ്രസിനെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് പാലായില്‍ മുന്നോട്ടു പോയാല്‍ മതിയെന്നാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെയും എല്‍.ഡി.എഫിന്റെയും നിലപാട്.

അതേസമയം മുന്നണിയിലെ ധാരണകള്‍ കൃത്യമായി നടപ്പാക്കുന്നതിന് എല്‍.ഡി.എഫിന് കരുത്തുണ്ടെന്ന് സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നണി പ്രാപ്തമാണ്. പാലാ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കേണ്ടതാണ് സി.പി.എമ്മാണ്. ആരെ ചെയര്‍മാനാക്കണം എന്നതില്‍ അതത് പാര്‍ട്ടികള്‍ക്ക് ബോധ്യമുണ്ട്. ഇപ്പോഴുള്ളത് ചായക്കോപ്പയിലെ കൊടുക്കാറ്റ് മാത്രം. ചെയര്‍മാന്‍ ആരാണെന്ന് വ്യക്തികള്‍ അല്ല പാര്‍ട്ടികള്‍ തീരുമാനിക്കുന്നതാണ് മുന്നണിയിലെ രീതിയെന്നു ബിനു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button