വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു; മലപ്പുറത്ത് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ പ്രസവിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി. മലപ്പുറം കോട്ടയ്ക്കലിലുള്ള സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് സ്‌കൂള്‍ അധികൃതരും അദ്ധ്യാപക-രക്ഷകര്‍തൃ സമിതിയും ചേര്‍ന്ന് ജോലിയില്‍ നിന്നു പുറത്താക്കിയത്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോഴാണ് തന്നെ പുറത്താക്കിയ വിവരം അധ്യാപിക അറിയുന്നത്. ഇതിനെ തുടര്‍ന്ന് അന്യായമായാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച് അദ്ധ്യാപിക പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂളിലെ പി.ടി.എ മീറ്റിംഗിനിടയില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അധിക്ഷേപിച്ചതായും അദ്ധ്യാപിക തന്റെ പരാതിയില്‍ പറയുന്നു. ഈ കാര്യത്തില്‍ ഡി.ഡി.ഇയുടെ അഭിപ്രായം തനിക്ക് അറിയണം എന്ന് പറഞ്ഞപ്പോഴായിരുന്നു ഇവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടപെടാന്‍ യാതൊരു അവകാശവുമില്ലെന്നും 33 വയസുകാരിയായ അധ്യാപിക തന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
തന്റെ മുന്‍ ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്താന്‍ ഇരിക്കുകയായിരുന്ന അദ്ധ്യാപിക മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്‍ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള സാങ്കേതിക തടസം കാരണം, കാമുകനുമായുള്ള വിവാഹം വൈകുകയായിരുന്നു. ഇവര്‍ കാമുകനോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രസവാവധിയ്ക്ക് അപേക്ഷിച്ച അദ്ധ്യാപിക അവധിയുടെ രണ്ടാം ദിവസമാണ് പ്രസവിച്ചത്.