സംവിധായകൻ ഷാഫി അന്തരിച്ചു
കൊച്ചി: നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫി അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ പുലര്‍ച്ചെ 12.15ഓടെയാണ് അന്ത്യം. കഴിഞ്ഞ 16ന് കടുത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി
മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നല്‍കുമെന്നാണ് ഇന്നലെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കല്യാണരാമനും തൊമ്മനും മക്കളുമുള്‍പ്പെടെ 18 സിനിമകള്‍ സംവിധായം ചെയ്തിട്ടുണ്ട്. നടന്‍ മമ്മൂട്ടിയുള്‍പ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ നല്‍കിയ സംവിധായകനാണ് ഷാഫി. ഷാഫിയുടെ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് സിനിമകളും വലിയ ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു.
1995-ല്‍ ആദ്യത്തെ കണ്‍മണിയിലൂടെ രാജസേനന്‍, റാഫി – മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. 2002-ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമന്‍, ജയസൂര്യ ചിത്രം പുലിവാല്‍ കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007), ചട്ടമ്പിനാട്(2009), ദിലീപ് ചിത്രം ടു കണ്‍ട്രീസ്(2015) എന്നിവയെല്ലാം തീയേറ്റര്‍ ഹിറ്റടിച്ച ചിത്രങ്ങളാണ്.
2022-ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് അമ്മാവനുമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍. ഡയറക്ടറും സക്രിപറ്റ് റൈറ്ററുമായ ഷാഫി അതീവ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെ ഫേസ്ബുക്കില്‍ വൈറലായത് വി സി അഭിലാഷ് എന്ന സംവിധായകന്റെ ഒരു കുറിപ്പായിരുന്നു. അത് ഇങ്ങനെയായിരുന്നു-”തിരിച്ചു വരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ബംബര്‍ ചിരിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണ്. സത്യമതാണ്.
താണ്ണൂറുകളില്‍ ഇവിടെയുണ്ടായിരുന്ന തമാശകളുടെ തുടര്‍ച്ചയായി, ഈ നൂറ്റാണ്ടില്‍ ചിരി വിപ്ലവം തന്നെ സൃഷ്ടിച്ച പ്രതിഭയാണ് ഇയാള്‍. ഈ മനുഷ്യന്‍ വെട്ടിയൊരുക്കിയ മണ്ണിലാണ് സലീംകുമാറും സുരാജും ടെലിവിഷന്‍ സ്‌കിറ്റുകളുമൊക്കെ പയറ്റി തെളിഞ്ഞത്. ഇദ്ദേഹം കൂടി ഇല്ലായിരുന്നെങ്കില്‍ സുനാമിയും തീവ്രവാദവും യുദ്ധവും ഓഖിയും പ്രളയവും കോവിഡും മാത്രം നിറഞ്ഞ ദുരന്ത ശതകമാകുമായിരുന്നു ഈ നൂറ്റാണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തിരിച്ച് വരട്ടെ”.
പക്ഷേ കാത്തിരിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി, വെറും 56-ാമത്തെ വയസ്സില്‍ ഷാഫിയെന്ന സംവിധായക പ്രതിഭ വിടവാങ്ങി. കല്യാണരാമനും, പുലിവാല്‍കല്യാണവും, തൊമ്മനും മക്കളും, മായവിയും, മേരിക്കുണ്ടൊരു കുഞ്ഞാടും, ടു കണ്‍ട്രീസുമൊക്കെയായി അദ്ദേഹം സൃഷ്ടിച്ച സൂപ്പര്‍ ഹിറ്റ് സിനിമകളും, തമാശകളും മലയാളത്തിന് ബാക്കിവെച്ച്. ജനുവരി 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ഷാഫി ചികിത്സ തേടിയത്. തുടര്‍ന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും, അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. അന്നുമുതല്‍ മലയാള സിനിമാക്കാരും ആസ്വാദകരും ഈ ഹിറ്റ്മേക്കറുടെ തിരിച്ചുവരവിനായി കാത്തിരിക്കയായിരുന്നു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ പറയാനും, പ്രേക്ഷക ഇഷ്ടം നേടിയെടുക്കാനും ഷാഫിയുടേതായ ടച്ച് അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. പണത്തിനുവേണ്ടി വാരിക്കോരി സിനിമചെയ്യുന്ന പരിപാടി ഈ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ക്ക് ഉണ്ടായിരുന്നില്ല. 24 വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം ആകെ 18 പടങ്ങളാണ് ചെയ്തത്. അതില്‍ പകുതിയിലേറെയും ഹിറ്റുകളായിരുന്നു.
കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ഷാഫിയുടെ യഥാര്‍ത്ഥപേര്, എം എച്ച് റഷീദ് എന്നാണ്. സംവിധാന ജോഡികളായ റാഫി മെക്കാര്‍ട്ടിനിലെ റാഫിയുടെ സഹോദരന്‍ കൂടിയാണ് ഷാഫി. ഇന്ന് അറിയപ്പെടുന്ന നടനുമാണ് റാഫി. മറ്റൊരു സംവിധായക ജോഡിയായ സിദ്ദിഖ്-ലാലിലെ അന്തരിച്ച സിദ്ദീഖ് അമ്മാവനാണ്. ചേട്ടന്റെയും, അമ്മാവന്റെയും വഴിയെ തന്നെയായിരുന്നു ഷാഫിയുടെ യാത്രയും. പക്ഷേ ഇതൊന്നും ബന്ധുബലത്താല്‍ അദ്ദേഹം നേടിയെടുത്തത് ആയിരുന്നില്ല. അസിറ്റന്റ് ഡയറക്ടറായി അസോസിയേറ്റായി ക്രമാനുഗതമായുള്ള വളര്‍ച്ചയായിരുന്നു ഷാഫിയുടേത്.
1995-ല്‍ രാജസേനന്‍ ചിത്രമായ, ആദ്യത്തെ കണ്‍മണിയിലൂടെ അസിസ്റ്റന്‍ഡ് ഡയറക്ടറായാണ് ഷാഫി, സിനിമാ കരിയര്‍ തുടങ്ങിയത്. പിന്നീട് റാഫി മെര്‍ക്കാര്‍ട്ടിനും, സിദ്ദീഖും അടക്കമുള്ളവരുടെ സഹായിയായി. നിമിഷ നേരങ്ങള്‍കൊണ്ട് നര്‍മ്മ രംഗങ്ങള്‍ സൃഷ്ടിച്ചെടുക്കാനും, അത് ചിത്രീകരിക്കുവാനുമുള്ള അദ്ദേഹത്തെ കഴിവ് ശ്രദ്ധിക്കപ്പെട്ടു. 2001-ല്‍ വണ്‍ മാന്‍ ഷോ എന്ന ജയറാം ചിത്രത്തിലുടെയാണ്, ഷാഫി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ വ്യത്യസ്തമായ തിരക്കഥയുടെ ബലത്തില്‍ ചിത്രം സൂപ്പര്‍ ഹിറ്റായി. ലാലിന്റെയും, ജയറാമിന്റെയും കോമഡികള്‍ തീയേറ്റര്‍ നിറച്ചു. ടെലിവിഷനില്‍ ഹിറ്റായ കോടീശ്വരന്‍ പരിപാടിയിലേക്ക്, ജയിലില്‍നിന്ന് ഒരു തടവുകാരന്‍ എത്തി അയാളുടെ അനുഭവം പറയുന്ന വ്യത്യസ്തമായ കഥ മലയാളികള്‍ ശരിക്കും ആസ്വദിച്ചു. അത് ഒരു ഹിറ്റ്മേക്കറുടെ തുടക്കമായിരുന്നു.
ഇതും ചേര്‍ത്ത് തുടര്‍ച്ചയായ ആറു ചിത്രങ്ങളാണ് ഷാഫി ഹിറ്റാക്കിയത്. ഇത് സത്യത്തില്‍ ഒരു റെക്കോര്‍ഡ് തന്നെയാണ്. മലയാളത്തില്‍ സിദ്ദീഖ്-ലാലിന് മാത്രമാണ് ഇതിന് ഒപ്പം എത്താന്‍ കഴിഞ്ഞത്. 2002-ലെ കല്യാണരാമന്റെ വമ്പന്‍ വിജയത്തോടെ ദിലീപ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ബെന്നി പി നായരമ്പലത്തിന്റെതായിരുന്ന രചന. നവ്യയും ദിലീപും ലാലു അലക്സും, ലാലും ഇന്നസെന്റും ചേര്‍ന്ന ചിത്രത്തിലെ തലകുത്തിപ്പാട്ടും, തേങ്ങാക്കുലയിലാടുന്നു എന്ന കവിതാ കോമഡിയുമൊക്കെ ഇന്നും ന്യൂജന്‍ പിള്ളേര്‍ ആഘോഷിക്കുന്നു.
നല്ല തിരക്കഥാകൃത്തുക്കളെവെച്ച് കാമ്പുള്ള കഥ തെരഞ്ഞെടുക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്ക് അടിസ്ഥാനം. തൊട്ടടുത്ത വര്‍ഷം, ജയസൂര്യയെും കാവ്യാമാധവനെയും വെച്ച് എടുത്ത പുലിവാല്‍ കല്യാണവും സൂപ്പര്‍ ഹിറ്റായി. ഉദയകൃഷ്ണ-സിബി കെ. തോമസിന്റെതായിരുന്നു രചന. 2005-ല്‍ മമ്മൂട്ടിയുടെ തൊമ്മനും മക്കളും, 2007-ല്‍ മമ്മൂട്ടിയുടെ തന്നെ മായാവി, 2007-ല്‍ പൃഥിരാജ്, റോമ, ജയസൂര്യ, സലിം കുമാര്‍, എന്നിവര്‍ വേഷമിട്ട ചോക്ലേറ്റ് എന്നിങ്ങനെ ഷാഫി ഹിറ്റുകള്‍ ആവര്‍ത്തിച്ചു. അതിനിടെ തൊമ്മനും മക്കളും മജയെന്ന പേരില്‍ വിക്രമിനെ നായകനാക്കി തമിഴില്‍ റീമേക്ക് ചെയ്തു. ഇതും സൂപ്പര്‍ ഹിറ്റായില്ലെങ്കിലും വിജയ ചിത്രമായി. 2010-ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ ദിലീപും ബിജുമേനോനും തകര്‍ത്ത, മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രവും സൂപ്പര്‍ ഹിറ്റായി. ജ്യേഷ്ഠന്‍ റാഫി എഴുതി, 2015-ല്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. പക്ഷേ അതിനുശേഷം അദ്ദേഹത്തിന് സൂപ്പര്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാനായില്ല. ഒരു പഴയ ബോംബ് കഥ, ഷെര്‍ലക്ക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. 2022-ല്‍ പുറത്തിറങ്ങിയ ഷറഫുദ്ദീന്‍ നായകനായ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.
മമ്മൂട്ടിയുമായി വലിയ ആത്മബന്ധമായിരുന്ന ഷാഫിക്ക്. ഫാഷി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സുഖമില്ലാതെ കിടക്കുമ്പോള്‍, നിറഞ്ഞകണ്ണുകളോടെ മെഗാതാരം എത്തിയതും വാര്‍ത്തയായിരുന്നു. കോമഡി വഴങ്ങാത്ത നടന്‍ എന്ന ചീത്തപ്പേര് മമ്മൂട്ടിയില്‍നിന്ന് എടുത്തുമാറ്റിയത് ഷാഫിയായിരുന്നു. തൊമ്മനും മക്കളിലും, മായാവിയിലും, ചട്ടമ്പിനാടിലുമൊക്കെ മമ്മൂട്ടി ചെയ്ത കോമഡികള്‍ ഇന്നും വൈറലാണ്. ചാനലുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് ഉണ്ടാവുന്ന സീനുകള്‍ അതുതന്നെ. വെനീസിലെ വ്യാപാരി എന്ന ഒറ്റ ചിത്രം മാത്രമാണ് ഈ കൂട്ടുകെട്ടില്‍ ഹിറ്റാവാതെ പോയത്. ചട്ടമ്പിനാട് സിനിമയിലെ മമ്മൂട്ടിയുടെ മല്ലയ്യയുടെ കന്നഡ കലര്‍ന്ന മലയാളം ഡയലോഗുകള്‍ ഇന്നും സോഷ്യല്‍ മീഡിയില്‍ ഓളമാണ്.
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാഫി, ഏതാനും വര്‍ഷംമുമ്പ് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. മമ്മൂക്കയോടൊപ്പം താന്‍ നാല് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ആ നാല് സിനിമകളും തനിക്ക് പ്രധാനപ്പെട്ടതാണ് എന്നും ഷാഫി പറയുന്നു. ഹിറ്റ്ലര്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുമ്പോഴുള്ള ഓര്‍മ്മകളും മായാവിയുടെ ചിത്രീകരണ സമയങ്ങളിലുള്ള അനുഭവങ്ങളും മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ഷാഫി ഒരു ചാനലുമായി പങ്കുവച്ചിരുന്നു.
അന്ന് ഷാഫി പറഞ്ഞത് ഇങ്ങനെ.”മമ്മൂക്കയ്ക്ക് എല്ലാവിധ ആയൂര്‍ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു. മമ്മൂക്കയിലൂടെ ഇനിയും ഇനിയും അനവധി കഥാപാത്രങ്ങളുണ്ടാവട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ഥിക്കുന്നു. മമ്മൂക്ക എന്റെ നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി, ഇതില്‍ നിന്ന് ഒരു സീന്‍ പിക്ക് ചെയ്യാന്‍ എന്നോട് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്. ഈ നാല് കഥാപാത്രങ്ങളും അതിലെ സീനുകളും എനിക്ക് പ്രധാനപ്പെട്ടതാണ്.
മമ്മൂക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് സെറ്റില്‍ ആളുകള്‍ കയ്യടിച്ചതായി ഞാന്‍ ഓര്‍ക്കുന്നത് ഹിറ്റ്ലര്‍ സിനിമയുടെ സെറ്റില്‍ വച്ചാണ്. ഞാന്‍ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്യുന്ന കാലത്താണ് സിദ്ദീഖ് അണ്ണന്റെ ഹിറ്റ്ലര്‍ എന്ന പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അതില്‍ ഒരു സീനുണ്ട്. മമ്മൂക്കയുടെ സഹോദരിമാര്‍ തൊട്ടടുത്ത് താമസിക്കുന്ന മുകേഷേട്ടന്റെയും വാണി വിശ്വനാഥിന്റെയും വീട്ടിലേക്ക് പോകും, അവരെ തിരിച്ച് വിളിക്കാന്‍ വേണ്ടി പോകുമ്പോള്‍ മുകേഷേട്ടനുമായി ഒരു വഴക്കും ബഹളവും ഒക്കെയുണ്ടാവുന്നുണ്ട്. അതിലെ മമ്മൂക്കയുടെ പെര്‍ഫോമന്‍സ് പ്രത്യേകിച്ചും ലാസ്റ്റ് ഷോട്ടില്‍ മമ്മൂക്ക മുകേഷേട്ടനെ ഭീഷണിപ്പെടുത്തുന്ന ഷോട്ട് ഉണ്ട്. അത് റിഹേഴ്സല്‍ ഒന്നുമില്ലാതെ നേരെ ടേക്കിലേക്ക് പോയതാണ്. ആ ഷോട്ട് കഴിഞ്ഞപ്പോള്‍ അന്ന് അത് കണ്ട് നിന്ന സെറ്റിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു. തിയറ്ററില്‍ വന്നപ്പോഴും ആ രംഗത്തിന് എല്ലാ ഷോയ്ക്കും കയ്യടികള്‍ ഉണ്ടായിരുന്നു.”- ഷാഫി പറയുന്നു.
”മായാവി എന്ന ചിത്രത്തില്‍ രസകരമായ ഒരു സീനുണ്ട്. ഹോസ്പിറ്റലില്‍ കിടക്കുന്ന മണിക്കുട്ടനെ മമ്മൂക്ക കാണാന്‍ വരുന്നത്. എന്താണ് അസുഖം എന്ന് ചോദിക്കുമ്പോള്‍ ബ്രെയിനിനാണ് അസുഖം എന്ന് പറയും. എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ എംബിഎയ്ക്ക് ആണ് എന്ന് പറയും അപ്പോള്‍ അദ്ദേഹം ചൂടാവും ഒന്നുകില്‍ ബിഎ പഠിക്കണം അല്ലെങ്കില്‍ എംഎ പഠിക്കണം രണ്ടു കൂടി എംബിഎ എന്ന് പറഞ്ഞ് കുത്തിക്കയറ്റിയിട്ടല്ലേ എന്ന് പറയുന്ന ഒരു സീനുണ്ട്, ആ സീനിന്റെ തുടര്‍ച്ചായായിട്ട് മമ്മൂക്ക കാമുകിമാരെക്കുറിച്ച് മണിക്കുട്ടനോട് പറയുന്നുണ്ട്. അത് എടുക്കുന്ന നേരത്ത് അദ്ദേഹം പറഞ്ഞു അത് വേണ്ട എന്ന്. അതൊഴിവാക്കാം, ചെയ്യാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞു. ഒരുപാട് നിര്‍ബന്ധിച്ചു. അവസാനം അപേക്ഷിച്ചിട്ടാണ് അദ്ദേഹം അത് വന്ന് ചെയ്തത്. എന്നാല്‍ ആ സീനിന് തിയറ്ററില്‍ നല്ല ചിരി കിട്ടി.”- ഷാഫി പറയുന്നു. ഇങ്ങനെ കോമഡി വഴങ്ങില്ലെന്ന് എല്ലാവരും കരുതിയ മമ്മൂട്ടിയുടെ ഇമേജ് മാറ്റിച്ചത് സത്യത്തില്‍ ഷാഫിയാണ്.
18 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഷാഫി ഏത്് അഭിമുഖത്തിലും വാതോരാതെ സംസാരിച്ചിരുന്നത്, മമ്മൂട്ടി നായകനായ മായാവിയെ കുറിച്ചായിരുന്നു. തൊമ്മനും മക്കളും എന്ന സിനിമയുടെ തമിഴ് റീമേക്കായ മജ പൂര്‍ത്തിയാക്കിയ സമയത്താണ്, ഷാഫി ഒരു മലയാളസിനിമ പ്ലാന്‍ ചെയ്തത്. പക്ഷേ എന്നാല്‍ തിരക്കഥാകൃത്ത് തിരക്കിലായതിനാല്‍ ആ പ്രോജക്ട് നീണ്ടുപോയി. അപ്പോള്‍ സഹോദരന്‍ റാഫിയോട് പുതിയ എന്തെങ്കിലും പ്ലാന്‍ ചെയ്യണം എന്ന് ഷാഫി പറഞ്ഞതിലാണ് മായിവിയുടെ തുടക്കം. അതേക്കുറിച്ച് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാഫി ഇങ്ങനെ പറയുന്നു. -” എന്റെ ആദ്യ സിനിമയായ വണ്‍മാന്‍ഷോയ്ക്ക് തിരക്കഥ എഴുതിയത് റാഫി മെക്കാര്‍ട്ടിനായിരുന്നു. അത് കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അവരോട് അടുത്തൊരു തിരക്കഥ ചോദിക്കുന്നത്. അപ്പോഴേക്കും കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. ധൈര്യത്തിലാണ് അവരോട് വീണ്ടുമൊരു തിരക്കഥ ചോദിച്ചത്.
റാഫിക്കയും മെക്കാര്‍ട്ടിന്‍ ചേട്ടനും ചേര്‍ന്ന് പുതിയ സിനിമയുടെ വണ്‍ലൈനുണ്ടാക്കി. വൈശാഖ് രാജനായിരുന്നു നിര്‍മാണം. ആന്റോ ജോസഫാണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് കഥ ഒന്ന് സൂചിപ്പിച്ചുനോക്കാം എന്ന്. അങ്ങനെ മമ്മൂക്കയെ ചെന്നുകണ്ട് വണ്‍ലൈന്‍ പറഞ്ഞു. ‘ഇരുട്ട് അടി സര്‍വീസ്, ഐ.എ.എസ്.’ എന്നൊക്കെ പറഞ്ഞ് പുതിയരീതിയിലുള്ള അവതരണമാണ് നടത്തിയത്.
മമ്മൂക്കയുടെ അടുത്തുചെല്ലുമ്പോള്‍ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്. പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അയാളൊരു ഹീറോയാണെങ്കിലും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മഹിക്ക് ഒരു വിലയുമില്ല. സലീംകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചുനിര്‍ത്തുകയാണ്. മെഗാസ്റ്റാര്‍ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതംമൂളി.
മമ്മൂക്കയുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയതോടെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറാക്കി. ഗോപിചെട്ടിപാളയത്തെ മമ്മൂക്കയുടെ സിനിമ ലൊക്കേഷനിലേക്ക് ഞാനും റാഫിക്കയും മെക്കാര്‍ട്ടിന്‍ ചേട്ടനും തിരക്കഥയുമായി പുറപ്പെട്ടു. അപ്പോള്‍ സിനിമയുടെ പേര് മഹി ഐ.എ.എസ്. എന്നായിരുന്നു.
കാറില്‍വെച്ച് റാഫിക്കയാണ് പറഞ്ഞത് നമുക്ക് പേര് മായാവി എന്നാക്കിയാലോ എന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ആ പേര് വലിയ ആകര്‍ഷകമായി തോന്നിയില്ല. ലൊക്കേഷനിലെത്തി രാത്രി മമ്മൂക്കയുടെ മുറിയില്‍ പോയി മുഴുവന്‍ കഥ പറഞ്ഞ് ഷൂട്ടിങ്ങിന്റെ ഡേറ്റ് ഫിക്സ് ചെയ്തു. പിറ്റേന്ന് മമ്മൂക്കയോട് യാത്രപറയാന്‍ ലൊക്കേഷനിലേക്ക് ചെന്നു. അപ്പോള്‍ മമ്മൂക്ക ഞങ്ങളോട് ചോദിച്ചു: ”ഈ സിനിമയ്ക്ക് മായാവി എന്ന പേര് നന്നായിരിക്കില്ലേ എന്ന്! ” പിന്നെ ഒന്നും ആലോചിച്ചില്ല. മായാവി എന്ന ടൈറ്റില്‍ ഉറപ്പിച്ചു.”- ഷാഫി പറഞ്ഞത് അങ്ങനെയാണ്.
ഒരു വര്‍ക്ക് ഏറ്റെടുത്താല്‍ അത് ഏത് അറ്റംവരെയും കഠിനാധ്വാനം ചെയ്യുന്ന ഡയറക്ടര്‍ ആയിട്ടാണ്, ഷാഫിയെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത്. രാവും പകലുമില്ലാതെ ജോലി ചെയ്താണ് ഷാഫി മായാവി തീര്‍ത്തത്. അമിത ജോലിയും ടെന്‍ഷന്‍കാരണം അദ്ദേഹം ഒരിക്കല്‍ കുഴഞ്ഞു വഴുകയും ചെത്തു. 2007 ഫെബ്രുവരി മൂന്നിനാണ് മയാവിയുടെ റിലീസ് ഡേറ്റ് വെച്ചത്. ഷൂട്ട് കഴിഞ്ഞ് 18-ാം ദിവസം പടത്തിന്റെ റിലീസ് ചാര്‍ട്ട് ചെയ്തു. ഇതിനായി രാവും പകലും ചെന്നൈയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഷാഫി ചെയ്തു. എഡിറ്റിങിനിടെ ഒരുദിവസം അദ്ദേഹം തലകറങ്ങിവീണു. ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രഷര്‍ വളരെ ഉയര്‍ന്നിരിക്കുകയാണ് അഡ്മിറ്റ് ചെയ്യണം എന്നമാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ ആ വാക്ക് കേള്‍ക്കാതെ ഉടന്‍ ഡിസ്ചാര്‍ജും ഗുളികയും മേടിച്ച് അദ്ദേഹം എഡിറ്റിങ് സ്റ്റുഡിയോയിലേക്ക് ഓടി.
ഇതേക്കുറിച്ചും മാതൃഭൂമി അഭിമുഖത്തില്‍ ഷാഫി പറയുന്നുണ്ട്. -”
നിര്‍മാതാവായ വൈശാഖ് രാജന്റെ പുതിയ തിയേറ്റര്‍ ആറ്റിങ്ങലില്‍ ഉദ്ഘാടനമായിരുന്നു. അവിടെ വെച്ചാണ് മമ്മൂക്കയും ഞാനും ഗോപികയുമടക്കം മായാവി റിലീസ് ഷോ കണ്ടത്. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ പടം കേറി കൊളുത്തി എന്ന് മനസ്സിലായി. എന്റെ ഒരു സിനിമ കണ്ട് സംവിധായകന്‍ രഞ്ജിത്തേട്ടന്‍ ആദ്യമായി വിളിച്ചത് മായാവിക്കാണ്. 2007-ലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളിലൊന്നായി മായാവി മാറി. ഈയിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപിക വിളിച്ചു. ”ഷാഫി, എനിക്ക് നിന്നോട് ഭയങ്കര ദേഷ്യമാണ്.” ”എന്താ ടീച്ചറെ എന്തുപറ്റി?” എന്ന് ചോദിച്ചു. ”നിങ്ങളുടെ മായാവി കാരണം എനിക്ക് ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കൊരു കൊച്ചുമകനുണ്ട്. അവന് ഭക്ഷണം കഴിക്കണമെങ്കില്‍ മായാവിയുടെ ഡി.വി.ഡി. ഇട്ടുകൊടുക്കണം!’-” ഫാഫി വ്യക്തമാക്കി.
മായാവിയുടെ ഷൂട്ടിങ്ങിനിടെ വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറയുന്നു. -”ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് മായാവിയുടെത്. ഫ്രെയ്മില്‍ നഗരത്തിന്റെ ഒരു അടയാളപ്പെടുത്തലും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ സിനിമ ഷൂട്ട് ചെയ്തത് എറണാകുളം നഗരത്തിലാണ് എന്നതാണ് കൗതുകം. എറണാകുളത്തെ കായലും അതുപോലെ പനങ്ങാട്, കുമ്പളം തുടങ്ങി നഗരത്തിനടുത്ത സ്ഥലങ്ങളുമാണ് ലൊക്കേഷനായത്. ആറാണിമുട്ടം തറവാട് ചാലക്കുടിയിലും വില്ലന്‍മാരുടെ തോട്ടപ്പള്ളി തറവാട് വൈക്കത്തും വെച്ച് ഷൂട്ട് ചെയ്തു.
തിരക്കഥ ചര്‍ച്ചനടക്കുന്ന ഒരുദിവസം രാവിലെ ഞാന്‍ ചെന്നപ്പോള്‍ നിര്‍ണായകമായ വള്ളംമറിയുന്ന സീന്‍ വെട്ടികളഞ്ഞിരിക്കുന്നു. അയ്യോ ഇത് എന്താണ് വെട്ടിക്കളഞ്ഞതെന്ന് ഞാന്‍ റാഫി മെക്കാര്‍ട്ടിനോട് ചോദിച്ചു. അത് വേണ്ടെടാ, എടുക്കാന്‍ ഭയങ്കര പാടായിരിക്കും എന്നായിരുന്നു മറുപടി. അയ്യോ, എനിക്ക് അങ്ങനെത്തെ രംഗങ്ങള്‍ എടുക്കാനാണ് ത്രില്ല്. എന്റെ മറുപടി കേട്ടതോടെ ആ സീന്‍ വീണ്ടും ഉള്‍പ്പെടുത്തി.സഞ്ജീവ് ശങ്കറായിരുന്നു ക്യാമറ. കൊച്ചി കായലില്‍വെച്ചായിരുന്നു വെള്ളം മറിയുന്ന സീന്‍ ചിത്രീകരിച്ചത്. വള്ളം മറിഞ്ഞ് മഹി എല്ലാവരെയും രക്ഷിക്കുന്ന രംഗമാണ്. ഗോപികയ്ക്ക് കായലില്‍ ഇറങ്ങാന്‍ ഭയങ്കര പേടിയായിരുന്നു. പൂളില്‍ ഇറങ്ങാന്‍ വരെ പേടിയാണ് അവള്‍ക്ക്. മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കില്‍ കായല്‍ കടലെങ്കില്‍ കടല്‍ എന്നേയുള്ളൂ. കാരണം അമരത്തിലൊക്കെ നമ്മള്‍ കണ്ടതാണ്. ഗോപികയുടെയും മറ്റും പേടി മാറ്റാന്‍ സംവിധായകനും യൂണിറ്റും ആദ്യ കായലിലിറങ്ങി. അതോടെ എല്ലാവര്‍ക്കും ധൈര്യമായി. കായലിന്റെ നടുക്ക് ചങ്ങാടം സെറ്റ് ചെയ്താണ് ആ രംഗം ചിത്രീകരിച്ചത്. പടത്തിലെ ചെറിയൊരു രംഗമാണെങ്കിലും മൂന്നുദിവസമെടുത്തു ചിത്രീകരിക്കാന്‍.” -ഷാഫി പറയുന്നു.
മമ്മൂട്ടിയേപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമല്ല, സുരാജ്, സലിംകുമാര്‍, തുടങ്ങിയ താരങ്ങള്‍ക്കും നിരവധി ബ്രേക്കുകള്‍ നല്‍കിയ സംവിധായകന്‍ ഷാഫിയാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ കയറിവരുന്ന സുരാജ് വെഞ്ഞാറമൂടിനെ കോമഡി ഐക്കണാക്കിയത് മായാവിയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം, ആദ്യാവസാനം നിറഞ്ഞുനിന്ന ഗിരി എന്ന കഥാപാത്രം സുരാജിനെ രക്ഷിച്ചു. പക്ഷേ സുരാജിന്റെ മികച്ച ഷാഫി കഥാപാത്രം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതാണ് ചട്ടമ്പിനാട്ടിലെ ദശമൂലം ദാമു. മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു ഇതും. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ ആയെങ്കിലും ചാനലുകളില്‍ ദാമുവിന്റെ കോമഡി സീനുകള്‍ വരാറുണ്ടായിരുന്നു. ചാനലുകള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയിലും ദശമൂലം ദാമു സജീവ സാന്നിദ്ധ്യമാകാറുണ്ട്. ട്രോളന്‍മാരായിരുന്നു ദാമുവിനെ നെഞ്ചിലേറ്റിയിരുന്നത്. മണവാളനും രമണനും ശേഷം ട്രോളന്‍മാര്‍ എറ്റവുമധികം ഉപയോഗിച്ചത് ദശമൂലത്തെയായിരുന്നു.
അതിനിടെ ദശമൂലം ദാമു ഹീറോയാക്കി ഒരു സിനിമ ഷാഫിയും, ഈ കഥാപാത്രത്തിന്റെ സൃഷ്ടാവ് ബെന്നി പി നായരമ്പലവും ചേര്‍ന്ന് പ്ലാന്‍ ചെയ്തിരുന്നു. ഷാഫി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സുരാജിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഭയങ്കര സന്തോഷത്തിലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ പടം തുടങ്ങൂമെന്നും പറഞ്ഞിരുന്നു. പക്ഷേ ചിത്രം നടന്നില്ല. അതുപോലെ ആദ്യ ചിത്രമായ വണ്‍മാന്‍ഷോ തൊട്ട് ഷാഫിക്കൊപ്പമുള്ള നടനാണ് സലീംകുമാര്‍. പുലിവാല്‍കല്യാണത്തിലെ മണവാളനും, മായാവിയിലെ സ്രാങ്കും ഇന്നും എത്രയോ വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ഈ രണ്ടുകഥാപാത്രങ്ങളും ട്രോളന്‍മ്മാരുടെ പ്രിയപ്പെട്ടതുമായി. അതുപോലെ കല്യാണരാമനിലെ ഇന്നസെന്റിന്റെ മിസ്റ്റര്‍ പോഞ്ഞിക്കരയും, തൊമ്മനും മക്കളിലെ ലാലിന്റെ സത്യനും സൃഷ്ടിച്ച തരംഗം മറക്കാനാവില്ല.
ഷാഫിക്ക് ഒന്നാക്ലാസ് മുതല്‍ പരിചയമുള്ള നടനാണ് കൊച്ചിന്‍ ഹനീഫ. അദ്ദേഹവുമായും ഷാഫിക്ക് ആത്മബന്ധമായിരുന്നു. ഷാഫിയുടെ പല ചിത്രങ്ങളിലും ഹനീഫ പൊട്ടിച്ചിരിപ്പിച്ചു. അകാലത്തിലെ ആ മരണവും താങ്ങാനാവുന്നതില്‍ അപ്പുറമായിരുന്നു. പക്ഷേ ഷാഫിയുടെ ഏറ്റവും വലിയ നൊമ്പരമായിരുന്നു, ആത്മഹത്യചെയ്ത നടന്‍ സന്തോഷ് ജോഗി. ജോഗിയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഷാഫി ഇങ്ങനെ പറയുന്നു-”മായാവിയില്‍ സുരാജിനെ കൂടാതെ ഞങ്ങളുടെ മറ്റൊരു പരീക്ഷണം സന്തോഷ് ജോഗിയായിരുന്നു. അവനും ഗംഭീര പ്രകടനം നടത്തിയതിനാല്‍ മായാവിക്ക് പിന്നാലെ കുറേ അവസരങ്ങള്‍ തേടിയെത്തി.സന്തോഷ് ജോഗി നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. മായാവി കഴിഞ്ഞ് ഒരു ദിവസം വന്ന് ഒരു കഥ സന്തോഷ് എന്നോട് പറഞ്ഞു. അഭിനയമല്ല സന്തോഷിന്റെ മേഖല എഴുത്താണെന്ന് അന്ന് ഞാന്‍ അവനോട് പറഞ്ഞു. നമുക്ക് ഒരുദിവസം ചര്‍ച്ചയ്ക്ക് ഇരിക്കാം എന്നുപറഞ്ഞാണ് പിരിഞ്ഞത്്. പിന്നീടവന്റെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്. ശരിക്കും ഒരു ഷോക്കായിരുന്നു അത്.
കുറച്ചുനാള്‍ കഴിഞ്ഞ് മേരിക്കുണ്ടൊരു കുഞ്ഞാട് തിയേറ്ററില്‍ തകര്‍ത്തോടുന്ന സമയം. രാത്രി ഒരുമണിക്ക് എന്റെ ഫോണ്‍ റിങ് ചെയ്യുകയാണ്. നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പറാണ്. കുറേ ബെല്ലടിച്ചപ്പോള്‍ ഞാന്‍ എടുത്തു. ഒരു സ്ത്രീശബ്ദം. ” ഞാന്‍ സന്തോഷ് ജോഗിയുടെ ഭാര്യ ജിജിയാണ്.” ”അയ്യോ എന്താ ഈ സമയത്ത് പറയൂ” – ഞാന്‍ പറഞ്ഞു. ”ഷാഫിക്ക, ഞാന്‍ നമ്പര്‍ തപ്പിയെടുത്ത് ഒരുകാര്യം പറയാന്‍ വിളിച്ചതാണ്. വേറൊന്നുമല്ല ഞങ്ങളുടെ കുട്ടി, സന്തോഷിന്റെ മരണശേഷം ഇതുവരെ ചിരിച്ചിട്ടില്ല. പ്രസരിപ്പൊക്കെ പോയി ആകെ അസ്വസ്ഥയായാണ് എപ്പോഴും ഇരിപ്പ്. ഇന്ന് സെക്കന്‍ഡ് ഷോയ്ക്ക് ഞങ്ങള്‍ കുഞ്ഞാട് കണ്ടു. സിനിമ കണ്ട് അവള്‍ കൈകൊട്ടി ആര്‍ത്തുല്ലസിച്ച് ചിരിച്ചു. അവളുടെ ചിരി കണ്ട് ഞങ്ങള്‍ കരയുകയായിരുന്നു. സന്തോഷം അറിയിക്കാന്‍ വിളിച്ചതാണ്” അവര്‍ പറഞ്ഞു. എന്റേയും കണ്ണുനിറഞ്ഞു. ഒരു സംവിധായകനെന്ന നിലയില്‍ ഇതിനപ്പുറം എന്തുവേണം.”- ഷാഫി ആ അനുഭവം ഓര്‍ത്തെടുത്തത് അങ്ങനെയാണ്.
നടക്കാതെപോയ രണ്ടു സിനിമകളാണ് ഷാഫിയുടെ ഏറ്റവും വലിയ ദു:ഖമെന്നായിരുന്നു സിനിമാ രംഗത്തുള്ളവര്‍ പറയുന്നത്. അതായിരുന്നു, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കേണ്ടിയിരുന്ന, ഹലോ മായാവി എന്ന ചിത്രവും, ദിലീപിന്റെ ടു കണ്‍ട്രീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ത്രീ കണ്‍ട്രീസും. ചിലയാളുകളുടെ പിടിവാശികൊണ്ടാണ് ചിത്രം നടക്കാതെപോയതെന്ന് ഒരു അഭിമുഖത്തില്‍ ഷാഫി പറഞ്ഞിരുന്നു. റാഫി മെര്‍ക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹലോയും വന്‍ വിജയമായിരുന്നു. ഈ കഥാപാത്രത്തെയും മായവിയിലെ മമ്മൂട്ടിയുടെ മഹിയെയും ചേര്‍ത്താണ്, ഹലോ മായാവി എന്ന ചിത്രം ഷാഫി പ്ലാന്‍ ചെയ്തിരുന്നത്.
”ഹലോ- മായാവി എന്ന പേരില്‍ ലോട്ടേനെയും, മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി-2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല.”- ഷാഫി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
അതുപോലെ ത്രീ കണ്‍ട്രീസിനെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറയുന്നു-”
ദലീപിന്റെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയാണ് ടു കണ്‍ട്രീസ്. സമീപകാലത്ത് ടു കണ്‍ട്രീസിനു ശേഷം അത്രത്തോളം കോമഡിയുള്ള മറ്റൊരു സിനിമ വന്നിട്ടില്ലെന്നു നിരവധി പേര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്. ടു കണ്‍ട്രീസിനു രണ്ടാം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ത്രീ കണ്‍ട്രീസിനുവേണ്ടി പുതിയൊരു കഥയിലേക്ക് എത്തിയിട്ടുണ്ട്. ദിലീപിനോട് 10 മിനിറ്റുകൊണ്ട് കഥ പറഞ്ഞു. അദ്ദേഹത്തിനു വളരെ ഇഷ്ടമായി. അതിനു തിരക്കഥ എഴുതേണ്ടത് എന്റെ സഹോദരനും തിരക്കഥാകൃത്തുമായ റാഫി ഇക്കയാണ്. അദ്ദേഹത്തിന് ഒന്നു രണ്ടു സിനിമകളുടെ തിരക്കുണ്ട്. അതിനു ശേഷമാകും ത്രീ കണ്‍ട്രീസിന്റെ എഴുത്തിലേക്ക് കടക്കുന്നത്. ടു കണ്‍ട്രീസിന്റെ വലിയ വിജയത്തോടെ വളരെ പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഒട്ടും തിടുക്കമില്ലാതെ തിരക്കഥ പൂര്‍ണരീതിയിലെത്തിയതിനു ശേഷം മാത്രമായിരിക്കും അടുത്ത പടിയിലേക്ക് കടക്കുന്നത്. ”- ഒരു വര്‍ഷം മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ഷാഫി കടുത്ത ശുഭാപ്തി വിശ്വാസക്കാരായിരുന്നു. പക്ഷേ ആ പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ ഇനി ഷാഫിയില്ല. രംഗബോധമില്ലാത്ത കോമളിയെപ്പോലെ വന്ന മരണം അദ്ദേഹത്തെ തട്ടിയെടുത്തു.
.